‘പോലീസ് യൂണിഫോമിൽ കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹം’; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ഊരുമൂപ്പൻ്റെ മകൾ ഇനി സബ് ഇൻസ്പെക്ടർ

0 1,698

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ഊരുമൂപ്പൻ ഉണ്ണിചെക്കൻ്റെ മകൾ ഇ.യു സൗമ്യ കണ്ണൂരിൽ സബ് ഇൻസ്പെക്ടർ ആയി ചാർജ്ജ് എടുത്തു.

‘എന്നെ പോലീസ് യൂണിഫോമിൽ കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, യൂണിഫോമിൽ എത്തിയപ്പോൾ കാണാൻ അച്ഛനില്ലെന്ന സങ്കടം മാത്രം…’ കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ഇ.യു. സൗമ്യ ഒരുനിമിഷം ഉണ്ണിച്ചെക്കന്റെ മകൾ മാത്രമായി.

ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകളാണ് സൗമ്യ. തൃശ്ശൂർ പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരിൽനിന്നുള്ള ആദ്യത്തെ പോലീസ് സബ് ഇൻസ്പെക്ടറെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾക്ക് തന്റെ നേട്ടം പ്രചോദനമാകണമെന്നാണ് ആഗ്രഹമെന്ന് സൗമ്യ പറഞ്ഞു. ‘മുൻകാലങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസപരമായി ഏറെ മുന്നേറുന്നുണ്ടെങ്കിലും സർക്കാർ ഉദ്യോഗത്തിലേക്കും മറ്റും എത്തുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമാണ്. ഈ സാഹചര്യം മാറണം. തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും പി.എസ്.സിയുടേതുൾപ്പെടെയുള്ള പരീക്ഷകൾക്കും വിദ്യാർഥികളെ കൂടുതൽ സജ്ജരാക്കണം’- സൗമ്യ കൂട്ടിച്ചേർത്തു.

അച്ഛൻ മരിക്കുമ്പോൾ രാമവർമപുരം പോലീസ് ക്യാമ്പിൽ പരിശീലനത്തിലായിരുന്നു സൗമ്യ. തൃശ്ശൂർ കേരളവർമ കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരത്തുനിന്ന് ബി.എഡും നേടിയശേഷം പഴയന്നൂർ തൃക്കണായ ഗവ. യു.പി. സ്കൂളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ആദ്യമൊന്നും യൂണിഫോമിനോട് അത്ര അടുപ്പം തോന്നിയിരുന്നില്ല. സിവിൽ സർവീസിനോടായിരുന്നു കൂടുതൽ താത്പര്യം. ജീവിതത്തിൽ നേരിടേണ്ടിവന്ന അനുഭവങ്ങളും അവഗണനകളുമാണ് യൂണിഫോമിനോട് അടുപ്പിച്ചത്’-സൗമ്യ പറയുന്നു.

മകൾ സർക്കാർ യൂണിഫോമിൽ നാടിനെ സേവിക്കണമെന്നത് ഉണ്ണിച്ചെക്കന്റെ ആഗ്രഹമായിരുന്നു. ആഗ്രഹം നിറവേറ്റാനായി അമ്മ മണിയും ഭർത്താവ് ടി.എസ്. സുബിനും ഉണ്ണിച്ചെക്കന്റെ സുഹൃത്തായ യു.പി. ജോസഫും പോലീസ് സേനയിലുള്ള ധാരാളം ആളുകളും സഹായിച്ചെന്ന് സൗമ്യ പറയുന്നു. കണ്ണൂർ സിറ്റി പരിധിയിലാണ് സൗമ്യ എസ്.ഐ.യായി പ്രവർത്തിക്കുക. എന്നാൽ സ്റ്റേഷൻ ഏതാണെന്നതിൽ തീരുമാനമായിട്ടില്ല. 34 പേരാണ് കണ്ണൂർ എ.ആർ. ക്യാമ്പിൽ സബ് ഇൻസ്പെക്ടർമാരായി ചുമതലയേറ്റത്. സൗമ്യയടക്കം അഞ്ച് വനിതകളും ഇതിൽ ഉൾപ്പെടും