ഔഷധിയില്‍ തോട്ടത്തില്‍ തീപ്പിടിത്തം; ഔഷധസസ്യങ്ങള്‍ നശിച്ചു

0 214

ഔഷധിയില്‍ തോട്ടത്തില്‍ തീപ്പിടിത്തം; ഔഷധസസ്യങ്ങള്‍ നശിച്ചു

പരിയാരം: പരിയാരത്തെ ഔഷധിയുടെ തോട്ടത്തില്‍ തീപ്പിടിത്തം. അമൂല്യങ്ങളായ ഒട്ടേറെ ഔഷധച്ചെടികള്‍ പൂര്‍ണമായും കത്തിയെരിഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒട്ടേറെ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുള്ള തോട്ടത്തിന്റെ പ്രധാനഭാഗത്ത് കാറ്റില്‍ തീ പടര്‍ന്നുപിടിച്ചു. ജീവനക്കാര്‍ ശ്രമിച്ചിട്ടും തീയണയ്ക്കാനായില്ല. പയ്യന്നൂരില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേന ഒരുമണിക്കൂറിലേറെ കഠിന പ്രയത്നംചെയ്താണ് തീയണച്ചത്. നവീകരണത്തിനുശേഷമുണ്ടായ ഏറ്റവുംവലിയ തീപ്പിടിത്തം ഔഷധിക്ക് വലിയ നഷ്ടമാണ് വരുത്തിയത്.

ചെറു മരങ്ങളായി വളര്‍ന്ന ഒട്ടേറെ ഔഷധച്ചെടികള്‍ കത്തിനശിച്ചു. നൂറേക്കര്‍വരുന്ന ഔഷധത്തോട്ടത്തില്‍ ഏതാണ്ട് നാല്‍പ്പത് ഏക്കറോളം സ്ഥലത്ത് തീ പടര്‍ന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ എം.പ്രേമന്‍, പി.വി.ലതീഷ്, ഇ.ടി.സന്തോഷ്‌കുമാര്‍, കെ.സി.ഗോപാലന്‍, പി.സി.മാത്യു എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. പത്ത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി പരിയാരം ഔഷധി മാനേജര്‍ പറഞ്ഞു. നേരത്തേ ഫയര്‍ ബെല്‍റ്റ് നിര്‍മിക്കാതിരുന്നതാണ് ഇത്ര വലിയതോതില്‍ തീ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന് അഗ്നിരക്ഷാശമന സേനാകേന്ദ്രങ്ങള്‍ പറഞ്ഞു.