വലിയ മാറ്റത്തിനൊരുങ്ങി ഫിഫ; ഫുട്‌ബോളില്‍ ഇനി അഞ്ച് പകരക്കാരന്‍

0 745

വലിയ മാറ്റത്തിനൊരുങ്ങി ഫിഫ; ഫുട്‌ബോളില്‍ ഇനി അഞ്ച് പകരക്കാരന്‍

ലണ്ടന്‍: കൊവിഡ് കാലത്തിനുശേഷം ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്ബോള്‍ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന (ഫിഫ) ആലോചിക്കുന്നു.

മാര്‍ച്ച്‌ പകുതിയോടെ നിര്‍ത്തിവെച്ച വിവിധ രാജ്യങ്ങളിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തിരക്കിട്ട മത്സരക്രമം തന്നെ വേണ്ടിവരും. അപ്പോള്‍ താരങ്ങള്‍ക്കുണ്ടാകുന്ന അധികഭാരം ലഘൂകരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് അഞ്ച് പകരക്കാരെ ഇറക്കാമെന്ന് ഫിഫ ആലോചിക്കുന്നത്. ഈ സീസണിലെയും അടുത്ത സീസണിലെയും ലീഗ് മത്സരങ്ങള്‍ക്കും അടുത്തവര്‍ഷം ഡിസംബര്‍ 31വരെയുള്ള രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും മാത്രമായിരിക്കും പുതിയ ഭേദഗതി ബാധകമാകുക.
നിലവില്‍ മൂന്ന് പകരക്കാരെയാണ് നിശ്ചിത സമയത്ത് ടീമുകള്‍ക്ക് ഇറക്കാവുന്നത്. അഞ്ചു പകരക്കാരെ അനുവദിക്കാനുള്ള ഫിഫയുടെ നിര്‍ദേശം ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന് (ഐ.എഫ്.എ.ബി.) മുമ്ബാകെ ഫിഫ സമര്‍പ്പിച്ചിട്ടുണ്ട്. ഐ.എഫ്.എ.ബി അംഗീകരിച്ചാല്‍ ഇത് മത്സരങ്ങളില്‍ നടപ്പിലാക്കും.

നിബന്ധനകളോടെയാകും അഞ്ച് പകരക്കാരെ അനുവദിക്കുക. മൂന്ന് പൊസിഷനുകളില്‍ മാത്രമേ മാറ്റം അനുവദിക്കാവൂ എന്ന നിര്‍ദേശമുണ്ട്. മത്സരം അധികസമയത്തേക്ക് നീളുകയാണെങ്കില്‍ ആറാമതൊരു പകരക്കാരനെ കൂടി അനുവദിച്ചേക്കും.