നടി വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു

0 798

ചെന്നൈ • നടിയും തമിഴ്നടന്‍ വിജയകുമാറിന്റെ മകളും തമിഴ് ബിഗ്‌ ബോസ് 3 ഫെയിമുമായ വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നിരവധി തമിഴ്, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിഷ്വല്‍ എഫ്ക്സ് ഡയറക്ടറായ പീറ്റര്‍ പോള്‍ ആണ് വരന്‍. ജൂണ്‍ 27 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം.

വിവാഹ വിവരം വനിതാ തന്നെയാണ് പുറത്തുവിട്ടത്. പീറ്ററുമായി ഏറെക്കാലമായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

40 കാരിയായ വനിതയുടെ മൂന്നാം വിവാഹമാണിത്. ആദ്യ രണ്ട് വിവാഹങ്ങളിലായി വനിതയ്ക്ക് മൂന്നു മക്കളുണ്ട്. പത്തൊന്‍പതാം വയസിലായിരുന്നു ആദ്യവിവാഹം. ആദ്യ ഭര്‍ത്താവ് ആകാശുമായുള്ള വിവാഹമോചനം 2007ലായിരുന്നു. ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. അതേവര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. അതില്‍ ഒരു കുട്ടിയുണ്ട്. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 2010 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

മക്കളുടെ സമ്മതത്തോടെയാണ് താന്‍ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കും അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് വനിത പറയുന്നു.

1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ചന്ദ്രലേഖയില്‍ വിജയ്‌യുടെ നായികയായിരുന്നു അരങ്ങേറ്റം. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.

അഭിനേതാക്കളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത വിജയകുമാര്‍. സിനിമാതാരങ്ങളായ അരുണ്‍ വിജയ്,​ ശ്രീദേവി വിജയകുമാര്‍,​ പ്രീത വിജയകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.