പത്തു മാസം കൊണ്ട് പണം ഇരട്ടിപ്പിച്ചു നല്‍കും! പണമിരട്ടിപ്പ് തട്ടിപ്പില്‍ നഷ്ടമായത് 8,000 കോടി രൂപ; തട്ടിപ്പിനിരയായത് സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ
പത്തു മാസം കൊണ്ട് പണം ഇരട്ടിപ്പിച്ചു നല്‍കും! പണമിരട്ടിപ്പ് തട്ടിപ്പില്‍ നഷ്ടമായത് 8,000 കോടി രൂപ; തട്ടിപ്പിനിരയായത് സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ
പാലക്കാട്: പത്തു മാസം കൊണ്ട് പണം ഇരട്ടിപ്പിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോയന്പത്തൂര്‍ ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയത് എണ്ണായിരം കോടിയോളം രൂപ. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതിനായിരത്തോളം പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ 18,000 പേര് ഒൗദ്യോഗികമായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോയന്പത്തൂര്‍ ആസ്ഥാനമായ യൂണിവേഴ്സല്‍ ട്രേഡിംഗ് സൊലൂഷന്‍സ് (യുടിഎസ്) എന്ന സ്ഥാപനമാണ് വന്‍ തട്ടിപ്പ് നടത്തിയത്. തമിഴ്നാട് സ്വദേശി ഗൗതം രമേഷ് ആണ് കന്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയക്കാരും സമൂഹത്തിലെ ഉന്നതരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതില്‍ സാധാരണക്കാരായ ആളുകളാണ് പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്. മറ്റുള്ളവര്‍ നാണക്കേടോര്‍ത്ത് പരാതി നല്‍കിയിട്ടില്ല. മക്കളുടെ വിവാഹത്തിനും വീടുപണിക്കും ഒക്കെ മാറ്റിവച്ച പണമാണ് സാധാരണക്കാരായ പലരും കന്പനിയില്‍ നിക്ഷേപിച്ചത്.
ഇവരെല്ലാം ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പണം നിക്ഷേപിച്ചവര്‍ക്ക് വിശ്വാസ്യതയ്ക്കായി സ്റ്റാംപ് പേപ്പറില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. പാവപ്പെട്ടവരുടെ കല്യാണം പോലും മുടക്കി തട്ടിപ്പ് നടത്തിയ കന്പനിയുടെ എംഡി ഗൗതം രമേഷിന്റെ വിവാഹം കഴിഞ്ഞ മാസം 29 ന് അത്യാര്ഭാടപൂര്വമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കന്പനിയുടെ കോയന്പത്തൂരിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഇടപാടുകള്‍ സുതാര്യമല്ലെന്ന് കണ്ടെത്തി കന്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ 27 കോടിയോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി പണമെല്ലാം ഗൗതം രമേഷ് മാറ്റിയതായി നിക്ഷേപകര്‍ പറഞ്ഞു. അതേസമയം ഗൗതം രമേഷിന് വന്‍ രാഷ്ട്രീയ സ്വാധീനവും ഉള്ളതായാണ് വിവരം.
ഓരോ സംസ്ഥാനത്തേയും പ്രബലരായ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയാണ് ഇയാള്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്. അതാത് രാഷ്ട്രീയപാര്‍ട്ടികളിലെ പ്രാദേശിക നേതാക്കന്മാരെ കയ്യിലെടുത്തതിനാല്‍ അവരും നിക്ഷേപത്തിന് സാധാരണക്കാരെ പ്രേരിപ്പിച്ചിരുന്നതായാണ് വിവരം. രാഷ്ട്രീയക്കാര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിയമപരമായി കന്പനി ഉടമയെ അറസ്റ്റ് ചെയ്യാന്കഴിയുമെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. തട്ടിയെടുത്ത പണം എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. കന്പനിയുടെ ഓഫീസുകളെല്ലാം ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഇനിയും തുക വര്‍ധിക്കുമെന്നാണ് സൂചന.