പാതയോരങ്ങളില്‍ നിന്ന് പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

0 137

പാതയോരങ്ങളില്‍ നിന്ന് പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ ദേശീയപാതകളുള്‍പ്പെടെയുള്ള റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബോഡുകളും മറ്റും നീക്കം ചെയ്യുന്നത് . ഇതിനായി എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം .

ദേശീയപാതകളുള്‍പ്പെടെ എല്ലാ റോഡുകളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍ച്ചുകള്‍, ഹോര്‍ഡിംഗ്സുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്യും. ഇത്തരം ബോര്‍ഡുകള്‍ അപകടത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി റോഡ് സുരക്ഷാ അതോറിറ്റി പൊതുമരാമത്ത് വകുപ്പിനും ഡിജിപിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നേരത്തെ കത്തു നല്‍കിയിരുന്നു.

ഇത്തരം പരസ്യബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും റോഡ് സിഗ്നലുകള്‍ അവഗണിക്കാന്‍ ഇടയാക്കുന്നുവെന്നും കത്തില്‍ പറയുന്നു. റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ അധികാരങ്ങളുപയോഗിച്ച്‌ പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാണ് അതോറിറ്റിയുടെ നിര്‍ദേശം.