ഉളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കാട്ടാന അക്രമണം; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയുമായി എല്‍ഡിഎഫ് പ്രതിനിധിസംഘം കൂടിക്കാഴ്ച്ച നടത്തി

0 135

കണ്ണൂര്‍: ഉളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന അക്രമണം തടയാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി എല്‍ഡിഎഫ് പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു.

വനംവകുപ്പ് നിലവില്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി അടിയന്തിരമായി ടെന്‍ഡര്‍ നടപടികള്‍  പൂര്‍ത്തീകരിച്ച് ഹാംഗിങ്ങ് ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും നിലവിലുള്ള ഫെന്‍സിംഗില്‍ ആവിശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമാക്കുന്നതിനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും
ജില്ലാപഞ്ചായത്ത് വിഹിതമായ 35 ലക്ഷം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 10ലക്ഷവും ഉളിക്കല്‍  ഗ്രാമപഞ്ചായത്ത് വിഹിതമായ 5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയുള്ള ഹാംഗിങ്ങ് ഫെന്‍സിംഗ്  പ്രവൃത്തി ത്വരിതഗതിയില്‍ നടപ്പിലാക്കുമെന്നും ബാക്കി വരുന്ന പ്രദേശത്തിന് ആവിശ്യമായ പ്രെപ്പോസല്‍ തയ്യാറാക്കുന്നതിന് വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും ചർച്ചക്ക് ശേഷം മന്ത്രി എൽ ഡി എഫ് നേതാക്കൾക്ക് ഉറപ്പ് നൽകി.

മന്ത്രിയുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികള്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം നവംബര്‍ ആദ്യവാരം കലക്ടര്‍ വിളിച്ച് ചേർക്കുമെന്നും കൃഷി വകുപ്പിന്‍റെ കൂടി സഹകരണത്തോടെ അടിയന്തിരമായി വന്യമൃഗ അക്രമണ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ബിനോയ് കുര്യന്‍, എല്‍.ഡി.എഫ്  നേതാക്കളായ അജയന്‍ പായം, ബാബുരാജ് ഉളിക്കല്‍, അഡ്വ.കെ.ജി ദിലീപ്, പികെ ശശി, ലിജുമോന്‍, ദാസന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ നോബിന്‍ പി എ, സരുണ്‍ തോമസ് എന്നിവര്‍ എല്‍ഡിഎഫ് സംഘത്തിലുണ്ടായിരുന്നു. ഡിഎഫ്ഒ കാര്‍ത്തിക്ക് ഐഎഫ്എസ് ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.