നായാട്ടുസംഘങ്ങൾ വ്യാപകം; വനമേഖലകളിൽ വനംവകുപ്പ് പരിശോധന ശക്തമാക്കി

0 657

നായാട്ടുസംഘങ്ങൾ വ്യാപകം; വനമേഖലകളിൽ വനംവകുപ്പ് പരിശോധന ശക്തമാക്കി

: ലോക്ക്‌ഡൗണിന്റെ മറവിൽ വനമേഖല കേന്ദ്രീകരിച്ച് നായാട്ടുസംഘങ്ങളുടെ പ്രവർത്തനം ശക്തമായതോടെ വനംവകുപ്പ് നിരീക്ഷണം വ്യാപിപ്പിച്ചു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയോടു ചേർന്നുള്ള ഭാഗങ്ങളിലും വനംവകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വനമേഖല കേന്ദ്രീകരിച്ചുള്ള വേട്ട ശക്തമായിട്ടുണ്ട്.

കഴിഞ്ഞദിവസം നായാട്ടുസംഘത്തിൽപ്പെട്ട ഒരാൾ എടപ്പുഴയിൽ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. എടപ്പുഴയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പോലീസിനും വനംവകുപ്പിനും ലഭിച്ച വിവരം. ഇതോടെയാണ് മുൻകാലങ്ങളിൽ നിരീക്ഷണം നടത്തിയ മേഖലകൾ കൂടാതെ പുതിയ മേഖലകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. വന്യമൃഗങ്ങൾ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ വകവരുത്തേണ്ടത് ആവശ്യമാണെന്ന തോന്നൽ ഒരുവിഭാഗം ആളുകളിൽ ശക്തമാണെന്ന കാര്യവും വനംവകുപ്പിനറിയാം. അതുകൊണ്ടുതന്നെ നായാട്ട് സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന്‌ രഹസ്യവിവരങ്ങൾ ലഭിക്കുന്നത് അടുത്തകാലത്തായി തീരെ കുറഞ്ഞുവരികയാണ്. അതുകൊണ്ടുതന്നെ മുഴുവൻ മേഖലകളിലും ശക്തമായ നിരീക്ഷണം നടത്താനാണ് തീരുമാനം.
കള്ളത്തോക്കുകൾ കണ്ടെടുക്കുന്നതിന് പോലീസിന്റെ സഹായത്തോടെ റെയ്ഡ് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാടൻപ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ കാട്ടുപന്നികളെ വ്യാപകമായി വകവരുത്തുന്നത് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ വനമേഖലയ്ക്കുള്ളിലേക്ക് കടന്ന് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നായാട്ടുസംഘങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനുള്ള കർമപദ്ധതികളാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാത്രികാല പട്രോളിങ്ങ് ഉൾപ്പെടെയുള്ളവ നടത്തുമെന്നും മുൻകാലങ്ങളിൽ നായാട്ടുമായി ബന്ധപ്പെട്ട് പിടിയിലായവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

Get real time updates directly on you device, subscribe now.