മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു

0 210

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന മുൻ കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചു. 12 മുൻ കോൺഗ്രസ് എംഎൽഎമാരുമായിട്ടാണ് അമരീന്ദർ സിംഗിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലയനം

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിനെ ബിജെപിയുടെ മുഖമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ലയന നീക്കം. അമരീന്ദർ സിംഗിന്റെ വരവോടെ 58 ശതമാനം വരുന്ന സിഖ് സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനാണ് ബിജെപി ലക്ഷ്യം.പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിർദിശയിലായിരുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്

രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടൻ തന്നെ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദർ സിംഗിന് 20,105 വോട്ടുകൾ ലഭിച്ചപ്പോൾ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

Get real time updates directly on you device, subscribe now.