തെലങ്കാനയിൽ മത്സരിക്കാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീനും; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

0 107

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 45 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീൻ ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

ലാൽ ബഹദൂർ നഗറിൽ നിന്ന് മുൻ എംപി മധു യസ്കി ഗൗഡ്, ഹുസാനാബാദിൽ നിന്ന് പൊന്നം പ്രഭാകർ, അദിലാബാദിൽ നിന്ന് കാണ്ടി ശ്രീനിവാസ് റെഡ്ഡി, ഖമ്മത്ത് തുംല നാഗേശ്വർ റാവു, മുനുഗോഡിൽ നിന്ന് കെ രാജ് ഗോപാൽ റെഡ്ഡിയും മത്സരിക്കും.

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, സൽമാൻ ഖുർഷിദ് എന്നിവർ പങ്കെടുത്തു.

ഇതോടെ നവംബർ 30ന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഇതുവരെ ആകെ 100 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് 119 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.