മുൻ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

0 165

മുൻ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുൻ കേന്ദ്ര മന്ത്രിയും രാജ്യ സഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ  എം.പി.വീരേന്ദ്ര കുമാർ എം.പി. അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 11.30ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.83 വയസ്സായിരുന്നു

ചാലപ്പുറത്തെ വസതിയിൽ എത്തിച്ച ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് കൽപ്പറ്റയിൽ. എഴുത്തുകാരൻ, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേത്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും പ്രകൃതിസംരക്ഷണത്തിനായും തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും വിശ്രമമില്ലാതെ അദ്ദേഹം പോരാടി. ജലം, മണ്ണ്, വായു ഇവയ്ക്കായി എന്നും ഉറച്ച ശബ്ദമായി നിലകൊണ്ടു.

 

പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയിന്റ് മാനേജിങ് ഡയറക്ടർ-മാതൃഭൂമി).

മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി.

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പി ടി ഐ ഡയറക്ടർ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദൾ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

 

1992-’93, 2003-’04, 2011-’12 കാലയളവിൽ പി ടി ഐ ചെയർമാനും 2003-’04 ൽ ഐ എൻ എസ് പ്രസിഡന്റുമായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നല്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1987 ൽ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

 

കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-’09 കാലത്ത് പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്, ഓടക്കുഴൽ അവാർഡ്, കെ വി ഡാനിയൽ അവാർഡ്, അബുദാബി ശക്തി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ബാലാമണിയമ്മ പുരസ്കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്കാരം തുടങ്ങി എൺപതിലേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.കേരളത്തിന്‌ നഷ്ടമായത് ഒരു മഹത്തായ വ്യക്തിത്വമായിരുന്നു എന്ന് രാഷ്ട്രീയ സാമൂഹിക നേതാക്കൾ അനുശോചനത്തിൽ അറിയിച്ചു