ബാറുകളും, ബിവറേജസ് മദ്യവിൽപനയും നിലച്ചതോടെ കണ്ണൂരിന്റ മലമടക്കുകളിൽ വ്യാജവാറ്റ് കേന്ദ്രങ്ങൾ പെരുകി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊട്ടിയൂർ, ആറളം ,കണ്ണവം വനമേഖലകളിൽ വനം വകുപ്പും, എക്സൈസും ചേർന്ന് തകർത്തത് പത്തിലധികം വ്യാജമദ്യ വാറ്റ് കേന്ദ്രങ്ങൾ. ഈസ്റ്റർ ,വിഷു ആഘോഷങ്ങൾക്ക് വീര്യം പകരാൻ വാണിജ്യ അടിസ്ഥാനത്തിലാണ് വാറ്റ് കേന്ദ്രങ്ങളിലെ ഉൽപാദനം.കശുമാങ്ങയുടെ ലഭ്യതയുള്ള പ്രദേശങ്ങളിലാണ് മദ്യ വാറ്റ് കൂടുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെശിവപുരം, നിടും പുറംചാൽ, ശാന്തിഗിരി, തില്ലങ്കേരി, ആറളം ഫാം ,പേരാവൂർ പ്രദേശങ്ങളിൽ വ്യാജമദ്യ വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് സംഘം കണ്ടെത്തുകയും, വാറ്റ് ചാരായവുമായി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒടുവിലായി കൊട്ടിയൂർ റെയിഞ്ചിലെ പൊട്ടൻ തോട് വനത്തിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി തകർത്തത്.