കണ്ടെത്തിയത് അബോധാവസ്ഥയിൽ, ചികിത്സക്കിടെ മരിച്ചു; കോഴിക്കോട്ട് യുവാവ് മരിക്കാൻ കാരണം ആൾക്കൂട്ട ആക്രമണം?

0 404

കോഴിക്കോട്: കൊളത്തൂരിൽ യുവാവ് മരിച്ചത് ആൾക്കൂട്ട മർദ്ദനം മൂലമെന്ന് ബന്ധുക്കളുടെ പരാതി. ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ബിനീഷ് ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. കാക്കൂർ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 28 ന് രാവിലെയാണ് കരിയാത്തൻ കോട്ട ക്ഷേത്രത്തിന് സമീപത്ത് ബിനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്. ദേഹത്താകെ പരിക്കുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. തലേദിവസം അമ്പലത്തിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ബിനീഷിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി.

ഇക്കാര്യം കാണിച്ച് ചൊവ്വാഴ്ച തന്നെ ബന്ധുക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ക്ഷേത്രത്തിൽ വച്ച് വാക്കുതർക്കമുണ്ടായെങ്കിലും ബിനീഷിന് മരണകാരണമാവുന്ന മർദ്ദനമേറ്റതായി പൊലീസിന് തെളിവ് കിട്ടിയിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷമേ ദേഹത്തുണ്ടായിരുന്ന മുറിവുകൾ വീഴ്ചയിൽ പറ്റിയതാണോ മർദ്ദനം മൂലമാണോ മരണം എന്നൊക്കെ ഉറപ്പിക്കാനാകൂയെന്നും പൊലീസ് അറിയിച്ചു.