എടക്കാനത്ത് നാലു പേർക്ക് ഡെങ്കിപ്പനി: പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്
ഇരിട്ടി : ഇരിട്ടി നഗരസഭയിലെ എടക്കാനം മേഖലയിൽ 4 പേർക്ക് ഡെങ്കിപ്പനി . ഇതിനെത്തുടർന്ന് മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കി. എടക്കാനം വാർഡിലെ ചേളത്തൂർ, പാടി, കപ്പണക്കുന്ന് പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് . രോഗബാധിതരായ നാലു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇരിട്ടി താലൂക്ക് ആശുപത്രി , ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, മട്ടന്നൂർ ഫീൽഡ് സ്റ്റേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർ രോഗബാധ ഉണ്ടായ മേഖലകളിലെ നൂറോളം വീടുകളിൽ ഫോഗിംഗ്, മരുന്ന് തളിക്കൽ എന്നീ കൊതുകു നശീകരണ പ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസും ഗൃഹസന്ദർശനങ്ങളും നടത്തി. കിടപ്പുമുറികളിൽ ഐ എസ് എസ് ലായനി തളിച്ചു. കൊതുക് വളരാനിടയുള്ള ഇടങ്ങൾ വൃത്തിയാക്കി. നഗരസഭ കൗൺസിലർ പി.ലത, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് മട്ടന്നൂർ ഫീൽഡ് സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എം.രാജൻ , ഐ സി മാരായ കെ.വി. സുന്ദരൻ, സുനിൽകുമാർ പനയൻ, ഫീൽഡ് വർക്കർമാരായ ഷൈലജ, സീഭ, ഷീന, പ്രജീഷ്, താലൂക്ക് ആശുപത്രി ആരോഗ്യ വകുപ്പ് ജീവനക്കാരായ മേരി ജോസഫ്, അൻസിന, ധന്യ, ആശാ വർക്കർ എ. ഉഷ, അംഗൻവാടി വർക്കർ വി.കെ.വനജ എന്നിവർ നേതൃത്വം നൽകി.