ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങൾ പിടിപെടുന്നത്. കാലാവസ്ഥ മാറുന്ന അനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടതും പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്കാവുക.
പഴങ്ങൾ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ ഇതാ
ഓറഞ്ച്
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി ഓറഞ്ചിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിക്ക് കോശങ്ങളുടെ കേടുപാടുകൾ തടയാനും കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
നാരങ്ങ
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച മാർഗമാണ് തേൻ ചേർത്ത നാരങ്ങാവെള്ളം. ഇത് പ്രതിരോധശേഷി കൂട്ടുക മാത്രമല്ല ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
ബ്ലൂബെറി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റൊരു പഴമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, ബ്ലൂബെറിയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഡയറ്ററി ഫൈബർ എന്നിവയുൾപ്പെടെ ധാരാളം വിറ്റാമിനുകൾ ഉണ്ട്.
മാമ്പഴം
വേനൽക്കാലത്ത് ദിവസവും മാമ്പഴം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. മാമ്പഴത്തിൽ നിരവധി നിർണായക പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനത്തെ ദിവസവും സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി6, വൈറ്റമിൻ സി തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ഇതിൽ ഉൾപ്പെടുന്നു.