സഭ പരാതിക്കാരിക്ക് ഒപ്പം നില്‍ക്കണം: ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍

0 265

സഭ പരാതിക്കാരിക്ക് ഒപ്പം നില്‍ക്കണം: ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

നിരവധി പരാതികള്‍ വന്നിട്ടും സഭ ബിഷപ്പ് ഫ്രാങ്കോയെ സസ്‌പെന്‍ഡ് ചെയ്യുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് സിസ്റ്റര്‍ അനുപമ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ പേരെ ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവാണ് വീണ്ടും ഒരു കന്യാസ്ത്രീ ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചതുകൊണ്ടാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ സഭ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നില്‍ക്കണം. സഭ മൗനം പാലിക്കുന്നത് കന്യാസ്ത്രീയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ബിഷപ്പിനെതിരെ ആദ്യ പരാതി നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ സഭ അധികാരികള്‍ മറുപടി നല്‍കിയിട്ടില്ല. സഭ അധികാരികള്‍ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. ബിഷപ്പിനെതിരെ സി ബി സി ഐക്ക് പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ല. വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ബിഷപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നും സിസ്റ്റര്‍ അനുപമ ആരോപിച്ചു. സഭ തലത്തിലും ബിഷപ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണം വേണമെന്നും സിസ്റ്റര്‍ അനുപമ ആവശ്യപ്പെട്ടു.

അതേസമയം ബിഷപ്പിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ കോടതിയില്‍ രഹസ്യ വാദം തുടങ്ങി. കേസിലെ മൊഴിപ്പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ഒരു പ്രത്യേക ഭാഗം മാത്രമാണ് പുറത്തുവന്നത് എന്ന പ്രതിഭാഗം പറഞ്ഞു. ഫ്രാങ്കോയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് കേസ് വാദിക്കുന്നത്.