കാസര്‍കോട്: വിദേശ രാജ്യങ്ങളിലെ വന്‍കിട കമ്ബനികളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ 3 മലയാളികള്‍ ഉള്‍പ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തൃശ്ശിനാപള്ളി ഇനാംദാര്‍ തോപ്പിലെ പി.ജയറാം (30), കോട്ടയം രാമപുരം ഏഴാച്ചേരിയിലെ സന്തു എസ്. നെപ്പോളിയന് (21), കോഴിക്കോട് കോഴഞ്ചേരി താമരശ്ശേരി ചെമ്ബക്കടവ് ആശാരി കുടിയില്‍ ഹൗസില്‍ അഖില്‍ ജോര്‍ജ് (27), കണ്ണൂര്‍ ആലക്കോട് കാരിക്കയം മണക്കടല് കാപ്പില്‍ ഹൗസില്‍ കെ.ബി. ആല്ബിന് (25) എന്നിവരെയാണ് സിഐ സി.എ. അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ച കാറും 17 എടിഎം കാര്‍ഡുകളും ലാപ്ടോപും സ്വൈപ്പിങ് മെഷീനും മൊബൈല്‍ ഫോണും10,000 രൂപയും പിടിച്ചെടുത്തു. ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ എത്തിയ സംഘം വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പരിസരവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് എത്തി കൗണ്ടറിന്റെ അകത്ത് നിന്ന് ഒരാളെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു 3 പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്.