”ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യത്തിലൊന്നായി അഭിപ്രായ സ്വാതന്ത്ര്യം”;തബ്ലീഗ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളി സുപ്രീംകോടതി

0 576

”ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യത്തിലൊന്നായി അഭിപ്രായ സ്വാതന്ത്ര്യം”;തബ്ലീഗ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളി സുപ്രീംകോടതി

 

സ്വാതന്ത്ര്യത്തില്‍ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ ദില്ലിയിലെ നിസ്സാമുദീന്‍ മര്‍ക്കസില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

”ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യത്തിലൊന്നായി അഭിപ്രായ സ്വാതന്ത്ര്യം” എന്ന് തബ്‌ലീഗ് വിഷയത്തില്‍ മാധ്യമങ്ങള്‍ ‘വിദ്വേഷം പരത്തി’ എന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കെ ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയത്ത് ഉലമ ഹിന്ദ് അടക്കമുള്ള സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കോടതി വാദം കേട്ടത്.

കൊവിഡ് വ്യാപനത്തിനിടെ നടന്ന തബ്‌ലീഗ് സമ്മേളനം വലിയ വിവാദമാണ് ഉണ്ടാക്കിയത്. പള്ളിയില്‍ ഒത്തുചേര്‍ന്ന നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചത് വലിയ വിര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ വിദ്വേഷം പരത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.

മാധ്യമങ്ങളെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ മോശം റിപ്പോര്‍ട്ടിംഗ് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളിയ കോടതി ”മോശം റിപ്പോര്‍ട്ടിംഗ് നടന്ന സംഭവങ്ങള്‍ പറയണം” എന്നും എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറിയോട് മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ചില ജൂനിയര്‍ ഓഫീസര്‍മാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സത്യവാങ്മൂലം അവ്യക്തമാണ്. നിങ്ങള്‍ അംഗീകരിക്കില്ലായിരിക്കാം. എന്നാല്‍ മോശം റിപ്പോര്‍ട്ടിംഗ് ഉണ്ടായിട്ടില്ലെന്ന് എങ്ങനെ നിങ്ങള്‍ക്ക് പറയാന്‍ കഴിയും…” കോടതി ചോദിച്ചു. വീണ്ടും സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ അനാവശ്യ ന്യായീകരണങ്ങള്‍ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം പരാതിയില്‍ വീണ്ടും വാദം കേള്‍ക്കും.