മാസ്‌ക് കയറ്റുമതി മുതല്‍ പഴവര്‍ഗ ഇറക്കുമതി വരെ; ലഹരിക്കടത്തിലേക്ക് വിജിന്‍ വര്‍ഗീസിന്റെ വഴികള്‍ ഇങ്ങനെ

0 714

പഴം ഇറക്കുമതിയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്തി മുംബൈയില്‍ പിടിയിലായ മലയാളി വിജിന്‍ വര്‍ഗീസിന്റെ ജീവിതം ആരെയും അത്ഭുതപ്പെടുത്തും. ഇടത്തരം കുടുംബത്തില്‍ ജനിച്ച് സാധാരണ ജീവിതം നയിച്ചിരുന്ന കുടുംബത്തിലെ വിജിന്‍ പിടിയിലായത് 1476 കോടിയുടെ മയക്കുമരുന്ന് ഇടപാടിലാണ്. സെപ്തംബര്‍ 30നായിരുന്നു കാലടി സ്വദേശി വിജിന്റെ ലഹരിമരുന്നുമായുള്ള ട്രക്കുമായി ഡിആര്‍ഐയുടെ കസ്റ്റഡിയിലാകുന്നത്.

എറണാകുളം അങ്കമാലി മുക്കന്നൂര്‍ സ്വദേശി വിജിന്‍ കാലടി ആസ്ഥാനമായുള്ള യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന എക്‌സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഉടമ എന്ന നിലയിലാണ് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതം. വിദേശ പഴവര്‍ഗങ്ങളുടെ അടക്കം ഇറക്കുമതിയിലൂടെ വിജിന്‍ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തുന്നതിന് പിന്നില്‍ പക്ഷേ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വന്‍ ലഹരി ഇടപാടുകളായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് നിന്ന് വരുന്ന ഓറഞ്ച് പെട്ടികളുടെ പേരിലായിരുന്നു എല്ലാ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഈ പെട്ടികളില്‍ ഒളിപ്പിച്ചിരുന്ന 1476 കോടിയുടെ ലഹരിമരുന്നില്‍ മാരക മയക്കുമരുന്നായ 198 കിലോ മെത്തും 9 കിലോ കൊക്കെയിനുമാണ് ഡിആര്‍ഐ പിടികൂടിയത്. വിജിന്റെ കൂട്ടാളിയായ മന്‍സൂര്‍ തച്ചാംപറമ്പില്‍ എന്നയാളും ലഹരിക്കടത്തില്‍ പങ്കാളിയാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മോര്‍ ഫ്രഷ് എക്സ്പോര്‍ട്ട് എന്ന കമ്പനിയുടെ ഉടമയാണ് മന്‍സൂര്‍. ലഹരിക്കടത്തിന്റെ 70 ശതമാനം ലാഭം വിജിനും 30 ശതമാനം ലാഭം മന്‍സൂറിനുമാണ് എന്ന തരത്തിലായിരുന്നു ഇടപാട് നടന്നിരുന്നത്.

വിജിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കൊപ്പം പോലും പഴവര്‍ഗങ്ങളായിരുന്നു. ചുരുക്കത്തില്‍ പക്കാ പഴക്കച്ചവടക്കാരനായി ജീവിച്ച വിജിന്റെ വമ്പിച്ച ഇടപാടുകളെല്ലാം ലഹരിലോകത്തായിരുന്നു. മാസ്‌ക് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ആയിരുന്ന ആദ്യഘട്ടത്തില്‍ വിജിന്‍ ബിസിനസ് ചെയ്തിരുന്നത്. ഈ കയറ്റുമതി പിന്നീട് പഴവര്‍ഗങ്ങളുടെ ഇറക്കുമതിയിലേക്ക് ചുവടുമാറ്റി. ബഹ്‌റൈന്‍, സൗദി അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വിജിന്റെ കമ്പനി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. രജിസ്‌ട്രേഡ് കമ്പനി മാത്രമാണ് കാലടിയിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള കാലടിയിലെ സ്ഥാപനത്തില്‍ ഡിആര്‍ഐയും, എക്‌സൈസും പരിശോധന നടത്തിയിരുന്നു. വലന്‍സിയ ഓറഞ്ച് എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് എത്തിച്ച ലഹരി മരുന്ന് ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് വച്ചാണ് വിജിന്റെ ട്രക്ക് ഡിആര്‍ഐ പിടികൂടിയത്.

രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങി. തന്റെ കൂട്ടാളി മന്‍സൂര്‍ തച്ചന്‍പറമ്പന്‍ എന്നയാളാണ് കണ്‍സൈന്‍മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തതെന്ന് ചോദ്യം ചെയ്യലിനിടെ വിജിന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിലെ ഫണ്ടര്‍മാര്‍, വിതരണം ചെയ്യാനുദ്ദേശിച്ച സ്ഥലങ്ങള്‍ എന്നിവയില്‍ അന്വേഷണം തുടരുകയാണ്.

കാലടിയില്‍ വിജിന്റെ കമ്പനിയില്‍ നടന്ന പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. വിജിന്‍ വര്‍ഗീസിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസിനേയും ബിസിനസ് പങ്കാളി ആല്‍ബിനേയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

Get real time updates directly on you device, subscribe now.