ചക്കപ്പുഴുക്ക് മുതല്‍ ചക്കക്കുരു ഷെയ്ക്ക് വരെ : ലോക്ക്‌ഡൗണില്‍ താരമായി ചക്ക

0 625

ചക്കപ്പുഴുക്ക് മുതല്‍ ചക്കക്കുരു ഷെയ്ക്ക് വരെ : ലോക്ക്‌ഡൗണില്‍ താരമായി ചക്ക

പയ്യന്നൂര്‍ : രാവിലെ ചായക്ക് ചക്കയട. ഉച്ചയ്ക്ക് ചോറിനൊപ്പം ചക്കക്കുരു തോരന്‍. രാത്രിയില്‍ ചക്ക പുഴുങ്ങിയത്. പിന്നെ ചക്ക വറുത്തതും ചക്കപ്പഴവും ചക്കപ്പായസവും. ലോക്ക്‌ഡൗണില്‍ മലയാളികളുടെ തീന്‍മേശ ഏതാണ്ടിങ്ങനെയാണ്. സര്‍വം ചക്കമയം. ഒരുനേരമെങ്കിലും ചക്കവിഭവങ്ങളില്ലാതെ ഭക്ഷണമില്ലെന്നതാണ് അവസ്ഥ. മത്സ്യവും മാംസവും ഒഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്ത് ചക്കയാണ് തീന്‍മേശകളിലെ രാജാവ്. പുറത്തെ മുള്ളൊഴികെ ബാക്കിയെല്ലാം ഭക്ഷണത്തിനായി മലയാളി ഉപയോഗിക്കുന്നുണ്ടെന്നതാണ് ചക്കയുടെ നേട്ടം.

സംസ്ഥാന ഫലമാണെങ്കിലും ഈ ലോക്ക്‌ ഡൗണിലാണ് ചക്ക താരമായത്. ചക്കയൊന്ന് തരാനുണ്ടോയെന്നാണ് ഗ്രാമങ്ങളില്‍നിന്ന് ചോദ്യമുയരുന്നത്. അത്രയ്ക്ക് ആവശ്യക്കാരാണ് ഇപ്പോള്‍. മുമ്ബ് പറമ്ബുകളില്‍ ആര്‍ക്കും വേണ്ടാതെ പഴുത്ത് ചീഞ്ഞ് വീണുകിടന്നിരുന്ന അവസ്ഥ ഇപ്പോഴില്ല. ലോക്ക്‌ഡൗണിന്റെ ഭാഗമായി കുടുംബങ്ങളിലെ എല്ലാവരും വീടുകളില്‍ തന്നെയായതാണ് ചക്കയ്ക്ക് ആവശ്യക്കാരേറാന്‍ ഇടയാക്കിയത്. പച്ചക്കറികളുടെയുള്‍പ്പെടെ വരവ് കുറഞ്ഞതും ചക്കയിലുള്ള ആളുകളുടെ താത്പര്യം കൂട്ടി. കൂലിവേലയെടുത്ത് കുടുംബങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നവരെ ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ ബാധിക്കാതിരിക്കുന്നതിന്‌ പ്രധാന കാരണവും ചക്കയാണ്.

ഇടിച്ചക്ക എന്ന മൂപ്പെത്തുംമുമ്ബുള്ള ചക്കയില്‍നിന്നാണ് ചക്ക വിഭവങ്ങള്‍ക്ക് തുടക്കം. പിന്നീട് പലപേരില്‍ പലഭാവത്തില്‍ വിഭവങ്ങളായി ചക്കമാറുന്നു. ചക്കപ്പഴവും പഴം ഉപയോഗിച്ചുള്ള അപ്പത്തിനും കുട്ടികളുള്‍പ്പെടെ ആവശ്യക്കാരുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചക്കകൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള പരിശീലനം ലഭിച്ചവര്‍ തങ്ങളുടെ പാചക പരീക്ഷണങ്ങള്‍ നടത്താനുള്ള സമയമായും ലോക്ക് ഡൗണ്‍ കാലത്തെ മാറ്റി.

പ്രതിവര്‍ഷം 30 ശതമാനത്തോളം ചക്കകള്‍ നശിച്ചുപോവുമെന്നതാണ് മുന്‍വര്‍ഷത്തെ കണക്കുകളെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്നാണ് കണക്കുകൂട്ടലുകള്‍. മലയോരമേഖലകളിലെ പ്ലാവുകള്‍ പലതും ഇപ്പോഴേ കാലിയായിക്കഴിഞ്ഞു. വീട്ടുകാരെല്ലാം കൂടി ചക്കപറിച്ച്‌ വെട്ടി വൃത്തിയാക്കുന്നതും ലോക്ക്‌ഡൗണ്‍കാലത്തെ വിനോദമായി മാറി.

ചക്കക്കുരു ഷെയ്ക്ക് വരെ വീടുകളില്‍ ആളുകള്‍ പരീക്ഷിച്ചു തുടങ്ങി. മറ്റു പ്രിയപ്പെട്ട ജ്യൂസുകള്‍ കിട്ടാതെ വന്നതോടെയാണ് ചക്കക്കുരു ഷെയ്ക്കിലേക്ക് ആളുകള്‍ എത്തുന്നത്. ചക്കക്കുരു പ്രോട്ടീന്റെ കലവറയാണെന്നതും ജ്യൂസ് പരീക്ഷണത്തിന് കാരണമായി. ചക്കക്കുരു ഷെയ്ക്ക് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്‌.