ഫണ്ട് വക മാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കുമായി നിര്‍മ്മിച്ച വില്ലകള്‍ സന്ദര്‍ശിച്ച് യുഡിഎഫ് സംഘം
തിരുവനന്തപുരം: ഫണ്ട് വക മാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കുമായി നിര്‍മിച്ച വില്ലകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെയാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, പി.ടി.തോമസ് എംഎല്‍എ, സിഎംപി നേതാവ് സി.പി.ജോണ്‍, തമ്ബാനൂര്‍ രവി, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങി ഇരുപതോളം പേരടങ്ങുന്ന സംഘം വഴുതക്കാട് വില്ലകള്‍ നിര്‍മിക്കുന്ന സ്ഥലത്തെത്തിയത്.
ഒരു വില്ലയ്ക്കുള്ളില്‍ പ്രവേശിച്ചു സൗകര്യങ്ങള്‍ സംഘം വിലയിരുത്തി. ഡിജിപിയുടെ വില്ലയില്‍ അദ്ദേഹം താമസിക്കുന്നതിനാല്‍ അവിടേക്കു കടന്നില്ല. കള്ളനെ കാവലേല്‍പിച്ചതു പോലെയാണു പൊലീസിലെ അഴിമതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് എല്ലാ വഴിവിട്ട വാങ്ങലുകളും നടന്നത്. പൊലീസില്‍ നടന്ന കൊള്ള അന്വേഷിക്കാന്‍ സിബിഐ വേണം. സര്‍ക്കാരിനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയും കള്ളക്കളി കളിക്കുകയാണ്. അഴിമതിയുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസുമാണെന്നു മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.