‘ഗെയിം ഓണ്‍’; കൊമ്മയാട് സെന്റ്. സെബാസ്റ്റിയൻസ് യു.പി സ്‌കൂളില്‍ സമ്പൂര്‍ണ കായിക പരിശീലനപരിപാടിക്ക് തുടക്കം
കൊമ്മയാട്: കൊമ്മയാട് സെന്റ്. സെബാസ്റ്റിയൻസ് യു.പി സ്‌കൂളില്‍ ‘ഗെയിം ഓണ്‍’ സമ്പൂര്‍ണ കായിക പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടന കർമം നിർവഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് കപ്യാരുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ തോമസ് പൈനാടത്ത്, പ്രധാനാധ്യാപന്‍ സി.വി ജോര്‍ജ്ജ്, പി.ടി.എ പ്രസിഡണ്ട് ജിതേഷ് കൊച്ചുനിരവത്ത്, പി.ടി.എ.വൈസ് പ്രസിഡണ്ട് നൗഷാദ് എഴുത്തന്‍, ബീന ജോസഫ്, ഷൈനി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ കുട്ടികള്‍ക്കും ഇഷ്ടമുള്ള കായിക ഇനങ്ങളില്‍ പരിശീലനവും അവസരങ്ങളും നല്‍കുന്ന പരിപാടിയാണ് ‘ഗെയിം ഓണ്‍’. പുതിയ സ്‌പോര്‍ട്‌സ് കോര്‍ണറും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
കൊമ്മയാടിന്റെ കായികപാരമ്പര്യം തിരികെ പിടിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ഗെയിംമുകള്‍ പരിശീലിക്കുന്നതിനും ദൈനംദിന കളികളില്‍ ഏര്‍പ്പെടുന്നതിനുമുള്ള കളിയുപകരണങ്ങള്‍ അധ്യാപകര്‍ ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഷട്ടില്‍ ബാറ്റ്മിന്റണ്‍ കോര്‍ട്ടുകള്‍, സെവന്‍സ് ഫുട്ബോള്‍ കോര്‍ട്ട്, ആധുനിക സംവിധാനത്തോടുകൂടിയ ക്രിക്കറ് പിച്ച്, വ്യക്തിഗത പരിശീലനത്തിനായി വിവിധ പരിശീലന സാമഗ്രികള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മധ്യവേനല്‍ അവധിക്കാലത്ത് വിവിധ ബാച്ചുകളിലായി കുട്ടികള്‍ക്ക് ബാറ്റ്മിന്റണ്‍, ഫുട്‌ബോള്‍, വോളിബാള്‍, ക്രിക്കറ്റ് എന്നിവയില്‍ വിദഗ്ധര്‍ പരിശീലനം നല്‍കും.