ഗാന്ധിജയന്തി: വിദ്യാര്‍ഥികള്‍ക്ക് വീഡിയോ ഫീച്ചര്‍ കവിതാലാപന മത്സരം

0 318

ഗാന്ധിജയന്തി: വിദ്യാര്‍ഥികള്‍ക്ക് വീഡിയോ ഫീച്ചര്‍ കവിതാലാപന മത്സരം

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഫീച്ചര്‍, കവിതാലാപന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് കവിതാലാപന മത്സരം നടക്കുക. ഇഷ്ടപ്പെട്ട കവിതാഭാഗം മൂന്നു മിനിറ്റില്‍ കവിയാതെ  ആലപിക്കുന്നത് മൊബൈലില്‍ ഷൂട്ട് ചെയ്ത് വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍മാര്‍ക്ക് സമര്‍പ്പിക്കണം.  വീഡിയോയ്ക്ക് ഒപ്പം കവിത ചൊല്ലിയ കുട്ടിയുടെ പേര്, ക്ലാസ്, സ്‌കൂള്‍ എന്നിവ ടൈപ്പ് ചെയ്ത് അയക്കണം.  ആലാപനത്തിന് മുമ്പ് ഈ വിവരങ്ങള്‍ മത്സരാര്‍ഥി വീഡിയോയില്‍ പറയുകയും വേണം.  ഉപജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ജില്ലാതല മത്സരത്തിന് പരിഗണിക്കുക.
ഉപജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ ജില്ലാ തല മത്സരത്തിനായി ഒക്ടോബര്‍ പത്തിന്  വൈകിട്ട് 4 മണിക്കകം kannurprdcontest@gmail.com എന്ന ഇ മെയിലില്‍ ലഭിക്കണം. ഫുള്‍ എച്ച്ഡിയില്‍ ശബ്ദ, ദൃശ്യ മികവോടെയാവണം വീഡിയോ ചിത്രീകരിക്കേണ്ടത്. എം പി 4 ഫോര്‍മാറ്റിലാവണം വീഡിയോ.   മൊബൈല്‍ ഹൊറിസോണ്ടലായി വച്ചാവണം ചിത്രീകരണം.  മികച്ച ആലാപനത്തിന് ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കും. ഉപ ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ്  നല്‍കും.
വീഡിയോ ഫീച്ചര്‍ നിര്‍മാണം ജില്ലാതലത്തില്‍ നേരിട്ടുള്ള മത്സരമാണ്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നിങ്ങളുടെ ഗ്രാമത്തില്‍ (പഞ്ചായത്ത്/നഗരസഭ) നടന്ന മികച്ച ഒരു വികസന പദ്ധതിയെ കുറിച്ചുള്ള വീഡിയോ ചിത്രീകരിച്ചാണ് വീഡിയോ ഫീച്ചര്‍ മത്സരത്തിനയക്കേണ്ടത്. മൂന്ന് മുതല്‍ അഞ്ച് മിനുട്ട് വരെ ദൈര്‍ഘ്യമാവാം. എംപി 4 ഫോര്‍മാറ്റിലാവണം. ഹൈസ്‌കൂള്‍ വരെയുള്ളവര്‍ക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകമായാണ് മത്സരം. വിദ്യാര്‍ഥികള്‍ക്ക് ഒറ്റയ്ക്കോ സംഘമായോ മത്സരത്തില്‍ പങ്കെടുക്കാം. ചിത്രീകരിച്ച വീഡിയോ kannurprdcontest@gmail.com എന്ന മെയിലില്‍ അയക്കണം.
മെയില്‍ സബ്ജക്ടില്‍ വീഡിയോ ഫീച്ചര്‍ മത്സരം എന്ന് ചേര്‍ക്കണം.  കൂടാതെ മത്സരാര്‍ഥിയുടെ/ടീം അംഗങ്ങളുടെ പേര്, വയസ്, സ്‌കൂള്‍, ക്ലാസ്, എന്നിവ ടൈപ്പ് ചെയ്ത് അയക്കണം. സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ മികച്ച ആദ്യ മൂന്ന് വീഡിയോക്ക് സമ്മാനം നല്‍കും.  അവസാന തീയതി ഒക്ടോബര്‍ 15.