കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു

0 257

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗാന്ധിജയന്തി ദിനം ആചരിച്ചു

 

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഗ്രാമീണരേയും കര്‍ഷകരേയും ഹരിജനങ്ങളേയും തന്റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ രാഷ്ട്രപിതാവിന്റെ 151ാം ജന്മദിനം കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആചരിച്ചു. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിഞ്ഞ മഹാത്മാവിന്റെ വഴികള്‍, എല്ലാം ഉപേക്ഷിക്കലാണ് നേട്ടത്തിനുള്ള വഴി എന്ന് വിശ്വസിച്ച ലോകഗുരുവിന്റെ പാത കുട്ടികളിലെത്തിക്കുന്നതിനായി വിവിധ പരിപാടികളാണ് ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്നത്.

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ വി സുമേഷ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസര്‍ ഡോ. വിനോദ്കുമാര്‍ കല്ലോലിക്കല്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കി. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍, എസ് ടി രാജേന്ദ്രന്‍, ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, എം വി മാത്യു എന്നിവര്‍ സംസാരിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിവര, ഗാന്ധി വേഷം ചമയല്‍, ഗാന്ധി ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി. കൂടാതെ, പരിസര ശുചീകരണത്തിന്റെ വീഡിയോ, ഗാന്ധി ദര്‍ശന സ്കിറ്റ്, നൃത്തം, കവിതാവിഷ്കാരം എന്നിവയും ഉണ്ടായിരുന്നു.
ഉദ്ഘാടന പരിപാടിക്ക് ആല്‍വിന്‍ ജോര്‍ജ്ജ് സ്വാഗതവും അഥീന പ്രിന്‍സ് നന്ദിയും പറഞ്ഞു. 16 വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഓണ്‍ലൈനായി നടന്ന ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ക്ക് അധ്യാപകരായ ജോബി ഏലിയാസ്, ഷൈന എം ജി, കുസുമം പി എ, അനൂപ് കുമാര്‍, ജീന മേരി എന്നിവര്‍ നേതൃത്വം നല്‍കി.