യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0 1,101

യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഹാഥ്റാസിലെ യുവതിക്കെതിരായ പീഡനത്തില്‍ ഉന്നതജാതിക്കാരായ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു
ഉത്തർപ്രദേശിലെ ഹാഥ്റാസില്‍ നടന്ന കൂട്ടമാനഭംഗത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ യു.പിയില്‍ നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. യു.പി പ്രയാഗ്‍രാജില്‍ യുവതിയെ പീഢിപ്പിച്ചതിന് ബി.ജെ.പി നേതാവിനെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പി നേതാവായ ഡോ. ശ്യാം പ്രകാശ് ദ്വിവേദി, ഡോക്ടറായ അനില്‍ ദ്വിവേദി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഡിഗ്രി വിദ്യാര്‍ഥിയായ യുവതി കേണല്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരായ നടപടി.

പീഡന പരാതിയില്‍ ബി.ജെ.പി നേതാവിനെ തന്നെ അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ പൊതുജന വികാരം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഹാഥ്റാസിലെ യുവതിക്കെതിരായ പീഡനത്തില്‍ ഉന്നതജാതിക്കാരായ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കി ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പീഡനത്തിനിരയായ യുവതിയുടെ വീട് സന്ദര്‍ശിച്ചത് യോഗി സര്‍ക്കാരിന് സംസ്ഥാനത്ത് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു.

ഹാഥ്റസില്‍ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

യു.പിയിലെ തന്നെ ബല്‍റാംപൂരിലും ഇന്നലെ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.