ഡല്‍ഹി കലാപം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയത് 23 നോട്ടീസ്

0 108

 

ന്യുഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ നീക്കം. പോലീസിന്റെ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം കലുഷിതമാക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്. പാര്‍ലമെന്റിനു മുന്നില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ അപ്രതീക്ഷിത സംഘര്‍ഷം ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും രാജ്യത്തിന്റെ മതേതര വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നും കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണുമൂടിക്കെട്ടി പ്രതിഷേധ ധര്‍ണ നടത്തി.

കലാപം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി അംഗം സഞ്ജയ് സിംഗ് പറഞ്ഞു. എഎപിയും പ്രതിഷേധിച്ചിരുന്നു. സിറ്റിംഗ് ജഡ്ജി കേസ് അന്വേഷിക്കണമെന്നും കപില്‍ മിശ്രയ്‌ക്കെതിരെ ബി.ജെ.പി നടപടി സ്വീകരിക്കണമെന്നും എഎപി ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 23 നോട്ടീസുകളാണ് പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎംഐഎം, ഡി.എം.കെ, എന്നീ കക്ഷികളാണ് പ്രധാനമായും നോട്ടീസ് നല്‍കിയിരിക്കുന്നത്.