രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

0 784

തിരുവനന്തപുരം: വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതിഷേധം രേഖപ്പെടുത്തി.  ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള നീക്കം ചെറുക്കപ്പെടണം. രാഹുല്‍ഗാന്ധിക്കെതിരായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.  രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് നേരത്തെ രംഗത്തെത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക്  മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് കേന്ദ്ര സർക്കാർ നടപടിയെ സ്വരാജ് വിമർശിച്ചത്