‘സുഭാഷ് വാസുവിന് ധാർഷ്ട്യം’, കോളേജ് ഭരണ൦ തിരിച്ച് പിടിക്കുന്നത് നടക്കില്ലെന്ന് ഗോകുലം ഗോപാലൻ

0 526

 

കൊച്ചി: എസ്എൻഡിപി ഔദ്യോഗിക വിഭാഗത്തിലേക്ക് മടങ്ങിപ്പോയ സുഭാഷ് വാസുവിനെതിരെ ഗോകുലം ഗോപാലൻ . ഏകാധിപത്യ സ്വഭാവമാണ് സുഭാഷ് വാസുവിനെന്നും കട്ടച്ചിറ എൻജിനീയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാർഷ്ട്യമാണെന്നും ഗോകുലം ഗോപാലൻ കുറ്റപ്പെടുത്തി. കോളേജിന് സാമ്പത്തിക അച്ചടക്കമുണ്ടായിരുന്നില്ല. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സുഭാഷ് വാസുവുമായി ത൪ക്ക൦ തുടങ്ങിയത്. കോളേജ് ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും സുഭാഷ് വാസുവിനെതിരെയാണെന്നും ഭരണ൦ തിരിച്ച് പിടിക്കുക എന്ന സുഭാഷ് വാസുവിന്‍റെ ലക്ഷ്യം നടക്കുന്ന കാര്യമല്ലെന്നു൦ ഗോകുലം ഗോപാലൻ പറഞ്ഞു.

അഭിപ്രായ ഭിന്നതയെ തുടർന്ന് തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു സകലതും ഏറ്റു പറഞ്ഞാണ് വീണ്ടും വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലെത്തിയത്. മാവേലിക്കരയിലെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെ തുടർന്നാണ് ഒന്നരവർഷം മുൻപ് സുഭാഷ് വാസു, വെള്ളാപ്പള്ളിയുമായി തെറ്റിപ്പിരിഞ്ഞത്. എന്നാൽ ഗോകുലം ഗോപാലന്‍റെ തന്ത്രങ്ങളിൽ അകപ്പെട്ടാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് സുഭാഷ് വാസു ഇപ്പോൾ നിരത്തുന്ന വാദം. കട്ടച്ചിറയിലെ എൻജിനീയറിങ് കോളേജിന്റെ സാമ്പത്തിക ബാധ്യത തീർക്കാമെന്ന് വിശ്വസിപ്പിച്ച് ഗോകുലം ഗോപാലൻ തന്നെ ചതിച്ചുവെന്നും അദ്ദേഹം പറഞ്ഞിട്ടാണ് വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നുമാണ് സുഭാഷ് വാസു പറയുന്നത്. വെള്ളാപ്പള്ളിയോട് അദ്ദേഹം പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.