തോൽപ്പെട്ടിയിൽ ഒന്നര കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി

0 792

മാനന്തവാടി: തോൽപ്പെട്ടി ചേക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണം പിടികൂടി. മൈസൂരുവിൽനിന്നു എറണാകുളത്തേക്ക് പോകുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽനിന്നാണ് പിടികൂടിയത്.

സംഭവത്തിൽ തൃശൂർ സ്വദേശി നമ്പൂകുളം വീട്ടിൽ അനുലാലിനെ (30) കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി അനുലാലിനെയും തൊണ്ടിമുതലും ജി.എസ്.ടി വകുപ്പിന് കൈമാറി. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.പി. ലത്തീഫ്, സജീവൻ തരിപ്പ, സി.ഇ.ഒമാരായ വി. രഘു, കെ. ശ്രീധരൻ, പി. വിജേഷ് കുമാർ, ഹാഷിം, എം.എസ്. ദിനീഷ് എന്നിവരും പങ്കെടുത്തു