സ്വർണകള്ളകടത്ത് കേസ്: സന്ദീപ് നായർക്ക് പുറമേ കൂടുതൽ പ്രതികൾ മാപ്പ് സാക്ഷിയായേക്കും

0 449

സ്വർണകള്ളകടത്ത് കേസ്: സന്ദീപ് നായർക്ക് പുറമേ കൂടുതൽ പ്രതികൾ മാപ്പ് സാക്ഷിയായേക്കും

 

തിരുവനന്തപുരം സ്വർണകള്ളകടത്ത് കേസിൽ സന്ദീപ് നായർക്ക് പുറമേ കൂടുതൽ പ്രതികൾ മാപ്പ് സാക്ഷിയായേക്കും. കൊടുവള്ളിയിൽ നിന്ന് പിടിയിലായ നാല് പ്രതികൾ മാപ്പു സാക്ഷിയാകാൻ ഉടൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.

മുഖ്യപ്രതി ടി.കെ റമീസുമായി അടുത്ത ബന്ധമുള്ള നാല് പേരാണ് മാപ്പ് സാക്ഷിയാകുന്നത്. മുൻപ് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ മാപ്പ് സാക്ഷിയാകുന്നതിന്റെ ഭാഗമായി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു.

അതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് ഡോളറും കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. സ്വപ്ന ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളർ വിദേശത്തേയ്ക്ക് കടത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലൂടെ കമ്മീഷനായി ലഭിച്ച തുകയാണോ ഇതെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സ്വപ്നയ്ക്ക് ഡോളർ വിദേശത്തേയ്ക്ക് കടത്താൻ എം ശിവശങ്കറിന്റെ സഹായം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു. 1 കോടി 30 ലക്ഷത്തിലധികം വരുന്ന തുക ബിനാമി ഇടപാടിലൂടെ വിദേശത്ത് എത്തിച്ചത് ആർക്ക് വേണ്ടിയാണെന്ന് അന്വേഷിക്കുകയാണ് കസ്റ്റംസ്.