സ്വര്‍ണക്കടത്ത് കേസ്: എല്‍ഡിഎഫ് കൌണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

0 497

സ്വര്‍ണക്കടത്ത് കേസ്: എല്‍ഡിഎഫ് കൌണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി എല്‍ഡിഎഫ് കൌണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് രാവിലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. പിന്നാലെ ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊടുവള്ളി നഗരസഭയിലെ കൌണ്‍സിലറാണ് കാരാട്ട് ഫൈസല്‍. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.

നേരത്തെയും കസ്റ്റംസ് കോഴിക്കോടും കൊടുവള്ളിയിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണം എവിടെയെല്ലാം എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.

കാരാട്ട് ഫൈസലിനെതിരെ നേരത്തെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.