അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്:മന്ത്രി എ സി മൊയ്തീന്‍

0 126

അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്:മന്ത്രി എ സി മൊയ്തീന്‍

അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്താണ് നടപ്പിലാക്കുന്നത്. ഇതിനായി ആയിരം കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് റോഡ് പുനരുദ്ധാരണത്തിനായി സിഎംഡിആര്‍എഫ് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ കിഫ്ബി ഫണ്ടും അനുവദിച്ചു. മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
എല്ലാ പൊതുമരാമത്ത് റോഡുകളുടെയും പുനരുദ്ധാരണം, മലയോര ഹൈവേ, നാഷണല്‍ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 450 കോടി രൂപയും പ്ലാന്‍ ഫണ്ടിന് പുറമേ 1450 കോടി രൂപയും റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും അടിസ്ഥാന മേഖലയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്്. ഇത് നവകേരള സൃഷ്ടിക്ക് അനിവാര്യമാണിത്. മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒമ്പത് റോഡുകളും മുണ്ടേരി ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളും ഉള്‍പ്പെടെ 11 റോഡുകളുടെ പുനരുദ്ധാരണമാണ് നടക്കുന്നത്. ഇതിനായി 5.2 കോടി രൂപയാണ് അനുവദിച്ചത്. കറുവന്‍ വൈദ്യര്‍ പീടിക, എളയാവൂര്‍ സൗത്ത് – 1.18 കോടി രൂപ, എളയാവൂര്‍ സൗത്ത്, കാപ്പാട്- 1.30 കോടി രൂപ, ചേനോളി ജംഗ്ഷന്‍, ധനലക്ഷ്മി റോഡ്- 40 ലക്ഷം രൂപ, ധനലക്ഷ്മി ആശുപത്രി, കണ്ണോത്തുംചാല്‍ – 40 ലക്ഷം രൂപ, ചേനോളി ജംഗ്ഷന്‍, കോര്‍ജാന്‍ സ്‌കൂള്‍ – 80 ലക്ഷം രൂപ, ചതുരക്കിണര്‍ , ആയങ്കി – പത്ത് ലക്ഷം രൂപ, വലിയന്നൂര്‍ വില്ലേജ് ഓഫീസ്, നോര്‍ത്ത് യു പി – 40 ലക്ഷം രൂപ, മാച്ചേരി പഞ്ചായത്ത് കിണര്‍, യുപി സ്‌കൂള്‍, നുച്ചിലോട് -20 ലക്ഷം രൂപ, പടിക്ക് താഴെ ശ്മശാനം, ചോയാത്ത്മുക്ക്, പടിക്ക് താഴെ പീടിക – പത്ത് ലക്ഷം രൂപ, കച്ചേരിപ്പറമ്പ്, മീന്‍കടവ് – 20 ലക്ഷം രൂപ, മാച്ചേരി, ഹാജിമൊട്ട – 11.05 ലക്ഷം രൂപ എന്നിങ്ങനെയായാണ് തുക അനുവദിച്ചത്.
ചേനോളി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സി സീനത്ത് മുഖ്യാതിഥിയായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ വെള്ളോറ രാജന്‍, ഷാഹിന മൊയ്തീന്‍, സംഘാടക സമിതി ചെയര്‍മാല്‍ യു ബാബു ഗോപിനാഥ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി രാഗേഷ്, കൗണ്‍സലര്‍മാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.