ജില്ലയിൽ പുതിയ ജലസേചന പദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം; എസ്.ഡി.പി.ഐ
കല്‍പ്പറ്റ: തൊണ്ടാര്‍, കടമാന്‍തോട് ഉള്‍പ്പെടെ വയനാട് ജില്ലയില്‍ പുതിയ ജലസേചന പദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും പദ്ധതികള്‍ ഉപേക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കാരാപ്പുഴ, ബാണാസുരസാഗര്‍, ചുണ്ടാലിപ്പുഴ, നൂല്‍പ്പുഴ, തിരുനെല്ലി, പെരിങ്ങാട്ടുപുഴ, തൊണ്ടാര്‍, കടമാന്‍തോട് അടക്കം ഒന്‍പത് പദ്ധതികളാണ് ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ മൂന്നര പതിറ്റാണ്ട് മുമ്പ് നിര്‍മ്മാണം തുടങ്ങിയ കാരാപ്പുഴ, ബാണാസുരസാഗര്‍ പദ്ധതികള്‍ ഇന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എസ്.ഡി.പി.ഐ.
1978ല്‍ പതിനൊന്ന് കോടി അടങ്കലില്‍ തുടങ്ങിയ പദ്ധതിക്കായ് നാളിതുവരെ അഞ്ഞൂറ് കോടി രൂപയിലേറെ ചിലവഴിച്ചു കഴിഞ്ഞു. എന്‍ജിനീയര്‍മാര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കി സര്‍ക്കാര്‍ ഖജനാവ് കാലിയാവുന്നതല്ലാതെ പൊതുജനത്തിന് ഈ പദ്ധതികള്‍ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. സംഭരണശേഷിയുടെ 30% വെള്ളം കര്‍ഷികാവശ്യത്തിന് നല്‍കുമെന്നും 10,000 ഏക്കറില്‍ ജലസേചനം നടത്തുമെന്ന ഉറപ്പും നല്‍കിയാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും ബാണാസുര സാഗര്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി വാങ്ങിയത്. കാര്‍ഷികാവശ്യത്തിനായി ഇന്നുവരെ വെള്ളം നല്‍കിയിട്ടില്ലെന്നു മാത്രമല്ല ആദിവാസി കര്‍ഷകര്‍ നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്ന ഏക്കര്‍ കണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലാവുകയും ചെയ്തു. പ്രളയവും ദുരിതവും ഭീഷണിയായി നിലനില്‍ക്കുന്ന പദ്ധതികള്‍ ടൂറിസത്തിനു വേണ്ടി മാത്രമാണ് ഇന്ന് ഉപയോഗിക്കുന്നത്.
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് രണ്ടര പതിറ്റാണ്ടിലേറെ വേണ്ടിവരുമെന്ന് പറയപ്പെടുന്ന തൊണ്ടാര്‍, കടമാന്‍തോട് പദ്ധതികളുടെ നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരിസ്ഥിതിക തിരിച്ചടികള്‍ നേരിടുന്ന ജില്ലയാണ് വയനാട്. കൃഷിഭൂമികള്‍ നശിപ്പിക്കപ്പെടുകയും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും കളമൊരുങ്ങുകയും ചെയ്യുമെന്നല്ലാതെ പിന്നോക്ക ജില്ലയായ വയനാടിന് പുതിയ പദ്ധതികള്‍ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. എന്നിരിക്കേ പുതിയ പദ്ധതികള്‍ നടപ്പിക്കിലാക്കുന്നത് ആരുടെ താല്‍പ്പര്യ സംരക്ഷണത്തിനാണെന്ന് വ്യക്തമാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് കെ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കെ ജെ, ഇ ഉസ്മാന്‍, ബബിത ശ്രീനു, സല്‍മ അഷ്‌റഫ്, എ യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി നാസര്‍ സ്വാഗതവും മഹറൂഫ് അഞ്ചുക്കുന്ന് നന്ദിയും പറഞ്ഞു.