സർക്കാർ ജീവനക്കാർക്ക് ഇനി അഞ്ച്​ ദിവസം മാത്രം ജോലി; നിർണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഡ്​

0 1,604

സർക്കാർ ജീവനക്കാർക്ക് ഇനി അഞ്ച്​ ദിവസം മാത്രം ജോലി; നിർണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഡ്​

 

റായ്പൂർ: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചായി വെട്ടിച്ചുരുക്കാനുള്ള നിർണായക തീരുമാനവുമായി ഛത്തീസ്ഗഡ്​ സർക്കാർ. 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ്​ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസവും രണ്ട്​ അവധി ദിവസവുമാക്കുന്നത്​ ഉൾപ്പെടെ സുപ്രധാന നയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്​.

“സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഛത്തീസ്ഗഡ് സർക്കാർ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പിലാക്കുന്നു. പെൻഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിഹിതം 10ൽ നിന്ന് 14 ശതമാനമായി വർധിപ്പിക്കും” ബാഗേൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബസ്തർ ജില്ലയിലെ ലാൽബാഗ് മൈതാനിയിൽ​ ഭൂപേഷ് ബാഗേൽ ദേശീയ പതാക ഉയർത്തി.

സംസ്ഥാനത്തിന്‍റെ വ്യാവസായിക നയത്തിലും വൻ മാറ്റത്തിന്​ ഇടയാക്കുന്ന സംവരണ നയവും പ്രഖ്യാപിച്ചിട്ടുണ്ട്​. അതനുസരിച്ച്​ വ്യവസായ പാർക്കുകളിലെ 10 ശതമാനം പ്ലോട്ടുകൾ ഒബിസി വിഭാഗത്തിൽപ്പെട്ട പൗരന്മാർക്കായി സംവരണം ചെയ്യും.

റസിഡൻഷ്യൽ ഏരിയകളിൽ നടത്തുന്ന ചെറുകിട വാണിജ്യ പ്രവർത്തനങ്ങൾക്ക് സാധുത നൽകുന്നതരത്തിൽ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആയിരക്കണക്കിന് ചെറുകിട വ്യവസായികൾക്ക് ഇത് പ്രയോജനം ചെയ്യും. സ്വകാര്യ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊതു സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ക്രമപ്പെടുത്തും. കെട്ടിട നിർമാണച്ചട്ടം ലംഘിച്ച്​ വീടുകളും വ്യാപാരസ്​ഥാപനങ്ങളും നിർമിച്ചവർക്കാണ്​​ ഈ തീരുമാനം ഗുണം ചെയ്യുക.