കിണറ്റില്‍ വീണ ആടിനെ രക്ഷിച്ച്‌ മുകളില്‍ കയറ്റുന്നതിനിടെ കയറില്‍ നിന്ന് പിടിവിട്ടു; ഗൃഹനാഥന് ദാരുണാന്ത്യം

0 226

 

 

പിറവം; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. പിറവം മണീട് പാമ്ബ്ര പറമ്ബേല്‍ ബിജു തോമസാണ് (46) മരിച്ചത്. കിണറ്റില്‍ ഇറങ്ങി ആടിനെ രക്ഷിച്ച്‌ മുകളില്‍ കയറ്റുന്നതിനിടെ കയറില്‍ നിന്ന് പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയും മക്കളും നോക്കിനില്‍ക്കെയായിരുന്നു സംഭവം.

ബുധനാഴ്ച വൈകിട്ടാണ് ബിജുവിന്റെ ആടുകളില്‍ ഒന്ന് കിണറ്റില്‍ വീണത്. ഇത് കണ്ടതോടെ കയറില്‍ പിടിച്ചിറങ്ങി ആടുമായി മുകളില്‍ എത്തി. മകളില്‍ നിന്നിരുന്ന ചേട്ടന്‍ ജോര്‍ജിന്റെ കയ്യിലേക്ക് ആടിനെ കൊടുക്കുന്നതിനിടെ കയറില്‍ നിന്ന് പിടിവിട്ട് താഴേക്ക് പതിച്ചു. നല്ല ആഴമുള്ള കിണറ്റില്‍ ധാരാളം വെള്ളമുണ്ടായിരുന്നെങ്കിലും വീഴ്ചയില്‍ തലയ്ക്ക് കാര്യമായി ക്ഷതമേല്‍ക്കുകയായിരുന്നു.
നേരത്തെ കിണറ്റിലിറക്കി വെച്ചിരുന്ന ഗോവണിയിലോ കിണറ്റിന്റെ പടികളിലോ ബിജുവിന്റെ തല ഇടിച്ചിരിക്കാം എന്നാണ് കരുതുന്നത്. ബിജുവിന്റെ വീഴ്ച കണ്ടുനിന്ന് ചേട്ടന്‍ കിണറ്റിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും കൈകാലുകള്‍ തളര്‍ന്നുപോവുകയായിരുന്നു. തുടര്‍ന്ന് മുളന്തുരുത്തിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ബിജുവിനെ കരക്കെത്തിച്ചത്. ഉടന്‍ പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.