കുട്ടിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവം; സ്ത്രീ അറസ്റ്റിൽ

0 154

കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ ചമ്പാട്ടെ തടത്തില്‍ അയിഷ (50) യെ പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. സന്തോഷ് അറസ്റ്റ് ചെയ്തു. കവര്‍ന്ന മുക്കാല്‍ പവന്‍ സ്വര്‍ണമാല പാനൂരിലെ സ്വര്‍ണക്കടയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഡോക്ടറെ കാണാന്‍ പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വരി നിന്ന കടവത്തൂരിലെ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാലയാണ് തട്ടിപ്പറിച്ചത്. ആസ്പത്രിയില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ പിറ്റേ ദിവസം കഴിഞ്ഞ ജനുവരി 27-നായിരുന്നു സംഭവം. ക്യാമറയില്‍ മാല പൊട്ടിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ കണ്ണൊഴിച്ച് ബാക്കി ശരീര ഭാഗങ്ങള്‍ മുഴുവന്‍ വസ്ത്രം കൊണ്ട് മൂടിയിരുന്നതിനാല്‍ പ്രതിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എസ്.ഐ സന്തോഷ് നടത്തിയ നിരന്തര അന്വേഷണത്തിലൊടുവിലാണ് പ്രതി പിടിയിലായത്. ഇതിന് മുമ്പ് തലശ്ശേരിയില്‍ സമാനമായ രീതിയില്‍ നടത്തിയ തട്ടിപ്പറി കേസിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.