മുടി മുറിച്ചു,വിവസ്ത്രയാക്കി മര്‍ദ്ദനം, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ഭര്‍തൃപീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയ യുവതിക്ക് നാട്ടുകാര്‍ വിധിച്ച ശിക്ഷ ഇങ്ങനെ..

0 644

മുടി മുറിച്ചു,വിവസ്ത്രയാക്കി മര്‍ദ്ദനം, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ഭര്‍തൃപീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയ യുവതിക്ക് നാട്ടുകാര്‍ വിധിച്ച ശിക്ഷ ഇങ്ങനെ..

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് നാട്ടുകാര്‍ വിധിച്ചത് കിരാതമായ ശിക്ഷ. യുവതിയുടെ മുടി മുറിച്ച് വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. അരുണാചല്‍ പ്രദേശിലെ ചാങ്‍ലങ് ജില്ലയില്‍ സെപ്തംബര്‍ 25നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പുറംലോകമറിയുന്നത് ഇപ്പോഴാണ്.

അഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ അതിര് കടന്നതോടെയാണ് യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറയുന്നു. ഒരു ദിവസം രാത്രി ഗര്‍ഭിണിയായ തന്റെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയി. രണ്ട് തവൺ ഗര്‍ഭം അലസിയിട്ടുണ്ട്. ഭര്‍ത്താവിന്റെ കടുത്ത മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു തവണ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുവതി പറയുന്നു. ഭര്‍തൃമാതാവും മകന് പിന്തുണയാണ്. തന്നെ ഉപദ്രവിക്കുന്നത് ഒരു ദിനചര്യയാണെന്നും യുവതി പറയുന്നു.

യുവതിയുടെ കഷ്ടപ്പാട് കണ്ട മറ്റൊരു യുവാവ് ഇവരോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അങ്ങിനെ രാത്രി ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം അസമിലെ തുന്‍സുകിയിലേക്കാണ് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ പോകുന്നതിനിടെ കൂടെയുള്ള യുവാവിന്റെ ബന്ധുക്കള്‍ ബന്ധപ്പെട്ട് വിവാഹത്തെ ആശീര്‍വദിക്കാമെന്ന് വാഗ്ദാനം ചെയ്തു തിരിച്ചു വിളിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു തന്ത്രമായിരുന്നു. നിതുലിന്റെ കുടുംബം ഞങ്ങളെ തിരികെ വിളിച്ച് വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞെങ്കിലും ആദ്യം ഞങ്ങള്‍ വിസമ്മതിച്ചു. പിന്നീട് നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. സെപ്തംബര്‍ 25ന് തിരികെ അരുണാചലില്‍ എത്തിയപ്പോഴാണ് അതൊരു ചതിയാണെന്ന് മനസിലായതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

അവിടെകൂടി നിന്ന നാട്ടുകാര്‍ യുവാവിനെയും യുവതിയെയും ആക്രമിച്ചു. പ്രായം ചെന്ന സ്ത്രീകള്‍ യുവതിയെ കാറില്‍ നിന്നും വലിച്ച് താഴെയിടുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ ദേഹത്ത് തണുത്ത വെള്ളം കോരിയൊഴിക്കുകയും ചെയ്തു. തെറിയഭിഷേകം നടത്തുകയും ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. അക്രമികളില്‍ നിന്നും സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉള്ള വസ്ത്രം കൊണ്ട് യുവതി നാണം മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് സ്ത്രീകളാണ് അതും വലിച്ചുകീറിയത്.

യുവതി പിന്നീട് വസ്ത്രമില്ലാതെ ഒരു സ്കൂളിലാണ് ആ രാത്രി കഴിഞ്ഞത്. രാവിലെ വരെ ഭക്ഷണം പോലും ഗ്രാമവാസികള്‍ നല്‍കിയില്ല. യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ 38 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. 9 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.