ഹാപ്പി ഡ്രിംഗ്സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

0 409

കണ്ണൂർ : കുട്ടികളെ പോഷക സമ്പുഷ്ടരാക്കാന്‍ സമഗ്ര ശിക്ഷ കേരളം നടത്തുന്ന ഹാപ്പി ഡ്രിംഗ്സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. തളിപ്പറമ്പ് അക്കിപ്പറമ്പ യു പി സ്‌കൂളില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വേനല്‍ക്കാലത്ത് പ്രകൃതി പാനീയങ്ങള്‍ ശീലമാക്കുന്നതിനും  നല്ല ആരോഗ്യ ശീലങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കൃത്രിമ പാനീയങ്ങള്‍ക്ക് പകരം മായമില്ലാത്ത പ്രകൃതി പാനീയങ്ങള്‍ തയ്യാറാക്കി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഏകദിന ശില്‍പശാല നടത്തി.
പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള പാനീയങ്ങളിലൂടെ പ്രകൃതിയുടെ രുചിയും ഔഷധമൂല്യവും  കുട്ടികളിലെത്തും. ഇളനീര്‍, ചതുരപ്പുളി, പൈനാപ്പിള്‍, ഈന്തപ്പഴം, ഇഞ്ചി, തണ്ണിമത്തന്‍തുടങ്ങി
വിവിധ രുചിയിലും മണത്തിലും നിറത്തിലുമുള്ള 51 പാനീയങ്ങളാണ് പരിചയപ്പെടുത്തിയത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
എസ്എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോര്‍ത്ത് ബിപിസി എസ് പി രമേശന്‍, എ ഇ ഒ സീനിയര്‍ സൂപ്രണ്ട് എം വിനോദ് കുമാര്‍, അക്കിപ്പറമ്പ് യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു സെബാസ്റ്റ്യന്‍, സ്‌കൂള്‍ മാനേജര്‍ പി വി രമേശന്‍, ബി ആര്‍ സി ട്രെയിനര്‍ കെ ബിജേഷ്, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get real time updates directly on you device, subscribe now.