കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; കേസ് പിൻവലിക്കാൻ സമ്മർദ്ദമെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം

0 299

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ് പിൻവലിപ്പിക്കാൻ സമ്മർദ്ദമെന്ന പരാതിയിൽ അന്വേഷണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണകമ്മിഷനെ നിയോഗിച്ചു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. സജീത്കുമാർ പറഞ്ഞു. ആരാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊഴി മാറ്റാൻ ജീവനക്കാർ പ്രേരിപ്പിക്കുന്നു എന്ന് കാണിച്ച് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന പ്രലോഭനങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ടിലാണ് യുവതിയുടെ പരാതി സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര കുറ്റകൃത്യമുണ്ടായെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഐസിയുവിലും വാർഡിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.