ആലപ്പുഴ ∙ മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു.
ഹരിദാസ് നേരിട്ട ക്രൂരതയുടെ വാർത്ത മലയാള മനോരമയിൽ കണ്ടാണു മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചർച്ച ചെയ്തു ഹരിദാസിനെ സഹായിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഡോ. ജ്യോതിഷ് കുമാർ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം.
പതഞ്ജലിക്കു കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലും ആശുപത്രിയുണ്ട്. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും ഡോ. ജ്യോതിഷ് കുമാർ പറഞ്ഞു. നോർക്ക ഉദ്യോഗസ്ഥർ ഇന്നലെ ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. പ്രവാസികൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് ഉറപ്പുനൽകി. പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അപേക്ഷ പൂരിപ്പിച്ചു വാങ്ങി.