ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് പേര്‍ അറസ്റ്റില്‍

0 560

 

ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നിലെ മുഖ്യപ്രതി നന്ദുവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.അതേസമയം രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിനു പിന്നിലെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുമാരപുരം പുത്തന്‍കരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ശരത്ചന്ദ്രന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ രാഷ്ട്രീയ ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തിയെങ്കിലും പൊലീസ് ഇത് പൂര്‍ണ്ണമായും തള്ളി. കേസിലെ മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണ്. ഏഴ് അംഗ സംഘത്തില്‍ ഇനി ഒരാള്‍ കൂടിയാണ് പിടിയിലാകാനുള്ളത്.