‘ഒരു മന്ത്രി ആളുകൾക്ക് നേരെ കല്ലെറിയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?’ വൈറലായി തമിഴ്‌നാട് മന്ത്രിയുടെ വീഡിയോ കാണാം
ചെന്നൈ: ഇരിക്കാൻ കസേര കൊണ്ടുവരാൻ വൈകിയെന്നാരോപിച്ച് പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ് തമിഴ്‌നാട് മന്ത്രി. ഡിഎംകെ നേതാവും ക്ഷീര വികസന മന്ത്രിയുമായ എസ്എം നാസറാണ് പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വാർത്താഏജൻസിയായ എ.എൻ.ഐ പങ്കുവെച്ചു.
ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ഇരിക്കാൻ കസേര ഇല്ലാത്തതിനാൽ ദേഷ്യം പിടിച്ച മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാർട്ടി പ്രവർത്തകർക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയിൽ കാണാം. മന്ത്രിയുടെ കല്ലേറ് കണ്ട് തൊട്ടടുത്ത് നിൽക്കുന്നവർ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
#WATCH | Tamil Nadu Minister SM Nasar throws a stone at party workers in Tiruvallur for delaying in bringing chairs for him to sit pic.twitter.com/Q3f52Zjp7F
— ANI (@ANI) January 24, 2023
പാർട്ടി പ്രവർത്തകരോട് അനാദരവ് കാട്ടിയ ഡിഎംകെ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ‘ഇന്ത്യയുടെ ചരിത്രത്തിൽ, ഒരു മന്ത്രി ആളുകൾക്ക് നേരെ കല്ലെറിയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ’ എന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ ട്വീറ്റ് ചെയ്തു. ‘ആളുകളെ കല്ലെറിയുന്നു. ഒട്ടും മാന്യതയില്ല. , ആളുകളെ അടിമകളെപ്പോലെ പരിഗണിക്കുന്നു! അതാണ് നിങ്ങളുടെ ഡിഎംകെ.’ അദ്ദേഹം ട്വീറ്റ് ചെയ്തു.
മന്ത്രിയുടെ പ്രവൃത്തിക്കെതിരെ സോഷ്യൽമീഡിയയിലും വലിയ വിമർശനം ഉയർന്നു. മന്ത്രിമാരുമായി താരതമ്യപ്പെടുത്തുമ്പോൾ റൗഡികൾ മാന്യന്മാരാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്.