ഹത്‌റാസ് കൂട്ട ബലാത്സംഗം: പ്രധാനമന്ത്രിയെ വിമർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

0 413

ഹത്‌റാസ് കൂട്ട ബലാത്സംഗം: പ്രധാനമന്ത്രിയെ വിമർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

 

ഉത്തർപ്രദേശിലെ ഹത്‌റാസിൽ പത്തൊൻപതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അപകടകരമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഇന്ത്യാ ഗേറ്റിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ താൻ പങ്കെടുക്കും. സംഭവത്തിൽ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് കഴിയണം. പ്രധാനമന്ത്രി പെൺകുട്ടിയുടെ നിലവിളിയോ അവളുടെ കുടുംബത്തിന്റെ രോദനമോ കേട്ടില്ല. പ്രധാനമന്ത്രിക്ക് എത്രനാൾ ഈ മൗനം തുടരാനാകും? ഒന്നിനും പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയുടെ മൗനം തങ്ങളുടെ പെൺമക്കൾക്ക് അപകടമാണെന്നും ചന്ദ്രശേഖർ ആസാദ് കൂട്ടിച്ചേർത്തു

ഉത്തർപ്രദേശിലെ ജനങ്ങളാണ് പ്രധാനമന്ത്രിയെ പാർലമെന്റിലേക്ക് എത്തിച്ചത്. അതേ സ്ഥലത്താണ് പെൺകുട്ടി അതി ക്രൂരമായി കൊല്ലപ്പെട്ടത്. അവളുടെ അസ്ഥികൾ നുറുങ്ങിയിരുന്നു. കൂട്ടബലാത്സംഗത്തിനിരയായി. അവളുടെ മൃതദേഹം ചവറുപോലെ ദഹിപ്പിച്ചുകളഞ്ഞു. ഉത്തർപ്രദേശിൽ ഇത്ര വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടും പ്രധാനമന്ത്രി എന്തെങ്കിലും പ്രതികരിച്ചോ എന്നും ആസാദ് ചോദിച്ചു.