‘എല്ലാ കാര്യത്തിലും താൻ അഭിപ്രായം പറയാറില്ല’; ചെന്നിത്തലയെ കുത്തി വി.ഡി സതീശൻ

0 559

ലോകായുക്ത ഓർഡിനൻസിലെ നിരാകരണ പ്രമേയം പാർലമെന്ററി പാർട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താൻ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെൻഷൻ പ്രായം സംബന്ധിച്ച ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ കുത്തുന്ന രീതിയിലുള്ള മറുപടി. അതേസമയം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകൾ സി.പി.എം സംഘങ്ങൾക്ക് കൈമാറി. വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി. ടെണ്ടർ വിവരങ്ങൾ പുറത്ത് ചോർത്തി കൊടുക്കുന്നു.ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ നടന്നത് അഴിമതിയാണ്. വാട്‌സ് ആപ് വഴി വരെ നിയമനം നടത്തി. ബോർഡ് ഭൂമി നടപടി ക്രമങ്ങൾ ലംഘിച്ച് ആർക്ക് കൊടുത്താലും അന്വേഷിക്കണം.

മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.വൈദ്യുതി ബോർഡ് ചെയർമാന്റെ ആരോപണം തെറ്റാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞിട്ടില്ല. മന്ത്രി കൃഷ്ണൻകുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് എംഎ മണി വിരട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹൈക്കോടതി സിൽവർ ലൈനിന് അനുമതി നൽകിയെന്ന പ്രചരണം തെറ്റാണ്.സാമൂഹിക ആഘാത പഠനം നടത്താനാണ് അനുമതി നൽകിയത്. കട ഉടമയ്ക്ക് എതിരായ സി.ഐ.ടി.യു സമരത്തെ മന്ത്രിമാർ അടക്കമുള്ളവർ ന്യായീകരിക്കുന്നത് സങ്കടകരമാണ്. പിണറായി സർക്കാരിന്റെ തുടർ ഭരണം സി.പി.എം ഘടകങ്ങളിൽ അഹങ്കാരം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിലെ നിലപാടുകൾ യു ഡി എഫ് ആലോചിച്ചാണ് തീരുമാനിക്കുന്നത്.തനിക്ക് പോലും ഒറ്റക്ക് അത്തരം തീരുമാനം എടുക്കാൻ ആവില്ല.ലോകായുക്ത ഓർഡിനൻസിലെ നിരാകരണ പ്രമേയം പാർലമെന്ററി പാർട്ടിയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.