ഒരാളെ എങ്ങനെ തെളിവില്ലാതെ കൊലപ്പെടുത്തണമെന്ന് ദിലീപ് അനിയനോട് പറയുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈയിലുണ്ട്; ബാലചന്ദ്രകുമാർ
ഒരാളെ എങ്ങനെ തെളിവില്ലാതെ കൊലപ്പെടുത്തണമെന്ന് ദിലീപ് അനിയനോട് പറയുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈയിലുണ്ട്; ബാലചന്ദ്രകുമാർ
താൻ നൽകിയ ശബ്ദരേഖ കെട്ടിച്ചമച്ചതല്ല എന്ന് ബാലചന്ദ്രകുമാർ. ശബ്ദരേഖയെല്ലാം വ്യാജവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ഇന്ന് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം. ഇതിന് മറുപടിയായിട്ടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ( dileep instructed brother about murder )
താൻ നൽകിയ ഓഡിയോ ക്ലിപ്പിൽ ശാപവാക്കുകളാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരാളെ എങ്ങനെ തെളിവില്ലാതെ കൊലപ്പെടുത്തണമെന്ന് ദിലീപ് അനിയനോട് പറയുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈയിലുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഒരു സിനിമയിലെ സീൻ ചൂണ്ടിക്കാട്ടിയാണ് നിർദേശങ്ങൾ നൽകിയത്. അത് പോലെ വേണം കൃത്യം നടപ്പിലാക്കാനെന്നും ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാർ അറിയിച്ചു. നിലവിൽ അന്വേഷണ സംഘത്തിന് മാത്രമേ അത് നൽകിയിട്ടുള്ളു. ഇനി അത് പുറത്ത് വിടുമെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.
‘ഞാൻ നൽകേണ്ട ഡിവൈസ് എല്ലാം പൊലീസിന് നൽകിയിട്ടുണ്ട്. അവസാന ലാപ്പിൽ രക്ഷപ്പെടാൻ വേണ്ടിയാണ് മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ആരോപിക്കുന്നത്’- ബാലചന്ദ്രകുമാർ പറഞ്ഞു.
സാമ്പത്തിക ഇടപാടുകളെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതിഭാഗം കോടതിയിൽ പരാമർശിച്ചിരുന്നു. ആ ഓഡിയോ ക്ലിപ്പും തന്റെ കൈയിലും ഉണ്ടെന്നും, അത് പൊതുജനങ്ങൾ കേൾക്കുന്നതാണ് നല്ലതെന്നും ബാലചന്ദ്രകുമാർ പറയുന്നു.