സമീപകാല പാൻ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര. മികച്ച നിരൂപക പ്രശംസ പിടച്ചുപ്പറ്റിയ ചിത്രം 400 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. അപ്രതീക്ഷിത വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ‘കാന്താര 2’ അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ. ഇത് കാന്താരയുടെ തുടർച്ച അല്ലെന്നും പ്രീക്വൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെഡ്‌ലൈനുമായുള്ള അഭിമുഖത്തിലാണ് കാന്താര 2-ന്റെ ജോലികൾ ഋഷഭ് ഷെട്ടി ആരംഭിച്ചുവെന്ന് നിർമ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഗ്രാമവാസികളും ദൈവവും രാജാവും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരിക്കും കാന്താര 2. ഗ്രാമവാസികളെയും ചുറ്റുമുള്ള ഭൂമിയെയും സംരക്ഷിക്കാൻ രാജാവ് ദേവനുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു, പക്ഷേ കാര്യങ്ങൾ മറിച്ചായി. ഈ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ് സിനിമയുടെ കാതൽ. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. ഷൂട്ടിംഗിന്റെ ഒരു ഭാഗത്തിന് മഴക്കാലം ആവശ്യമാണ്, അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ പാൻ ഇന്ത്യൻ റിലീസ് ചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്’.
‘ഋഷഭ് ഷെട്ടി കർണാടകയിലുള്ള തീരപ്രദേശങ്ങളിലെ വനങ്ങളിൽ പോയിരിക്കുകയാണ്. നാടോടിക്കഥകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ രണ്ട് മാസമായി അദ്ദേഹം വിശ്രമിത്തിലാണ്. കാന്താര 2 വിന്റെ ബജറ്റ് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ ആദ്യ ഭാഗത്തിന്റേതിന് സമാനമായ ശൈലിയും ആഖ്യാനവും ഛായാഗ്രഹണവും തന്നെയായിരിക്കും കാന്താര 2-നും’ എന്ന് വിജയ് കിരങ്ങണ്ടൂർ പറഞ്ഞു.