നമ്മുടെ നാട്ടിലായിരുന്നെങ്കിൽ_സിന്റോ മരിക്കില്ലായിരുന്നു

0 1,160

കീഴ‌്പ്പള്ളി അത്തിക്കല്ലിൽ മുള്ളൻകുഴിയിൽ ജോർജിന്റെ വീട്ടിലെത്തിയിട്ടുള്ള ബന്ധുക്കൾക്കും അയൽവാസികൾക്കും കുടുംബാംഗങ്ങൾക്കും എല്ലാം പറയാനുണ്ടായിരുന്നത് ഇതുമാത്രം. ഇംഗ്ലണ്ടിലെ റെഡ്ഗിൽ സറൈ ആശുപത്രിയിൽ നഴ്സായ സിന്റോയ്ക്ക് നേരിയ പനിയായി തുടങ്ങിയ ആരോഗ്യപ്രശ്നമാണ് ഗുരുതരമായി ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്.

3 ആഴ്ച മുൻപ് വീട്ടുകാരെ വിളിച്ചപ്പോൾ നേരിയ പനി ഉള്ളതായി സിന്റോ പറഞ്ഞിരുന്നു. അന്നു മുതൽ ചികിത്സയ്ക്കായി ശ്രമിക്കുന്നതാണ്. ആശുപത്രി പ്രവേശനത്തിനുള്ള അപ്പോയിൻമെന്റ് കിട്ടിയത് ഒരാഴ്ച മുൻപ് മാത്രം. അപ്പോഴേക്കും പനി കലശലായി കോവിഡ് രോഗത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നു. കേരളത്തിലാണെങ്കിൽ തുടക്കത്തിൽ തന്നെ ചികിത്സ കിട്ടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രിയപ്പെട്ടവർ സങ്കടം പറയുന്നത്.

9 വർഷത്തിനു ശേഷം സിന്റോയെ കാണാൻ മാതാപിതാക്കളും സ‌ഹോദരങ്ങളും കാത്തിരുന്നപ്പോഴാണ് കോവിഡിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. 10 വർഷം മുൻപ് സ്റ്റഡി വീസയിൽ പോയി ജോലിയിൽ പ്രവേശിച്ച സിന്റോ 1 വർഷം കഴിഞ്ഞ് വിവാഹത്തിനായി മാത്രമാണ് നാട്ടിൽ വന്നത്. വിസ സംബന്ധിച്ചുള്ള സാങ്കേതികത്വം മൂലം നാട്ടിലേക്കുള്ള വരവ് നീട്ടി വയ്ക്കുകയായിരുന്നു.

പിന്നീട് പ്രശ്നം പരിഹരിച്ച് ഉടൻ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് കുടുംബാംഗങ്ങൾക്ക് ഇന്നലെ ഉച്ചയോടെ ദുരന്ത വാർത്ത എത്തുന്നത്. ലോക്ഡൗൺ നിയന്ത്രണമുള്ളതിനാൽ കുടുംബക്കാരോട് പോലും വീട്ടിലേക്ക് വരേണ്ട എന്ന് പറയേണ്ട സങ്കടത്തിൽ കൂടിയാണ് കുടുംബാംഗങ്ങൾ. എത്തുന്നവരോട് സാമുഹിക അകലം പാലിക്കാൻ വീടിന്റെ ഭീത്തിയിലും തൂണിലും സമീപത്തെ മരങ്ങളിലും ഒക്കെ കടലാസിൽ എഴുതി ഒട്ടിച്ചിട്ടുണ്ട്.

സംസ്കാരം 4 –ാം ദിവസം ലണ്ടനിൽ തന്നെ നടക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിൽ തന്നെയുള്ള ഭാര്യ നിമിയും മക്കളായ എലൈന, എഡ്വേർഡ്, എൽമിയ എന്നിവർ സുരക്ഷിതരാണെന്നാണ് ബന്ധിക്കൾക്കുള്ള വിവരം. സംസ്കാരത്തിന് 4 പേർക്ക് മാത്രമാണ് ഒപ്പം ചേരാൻ അവിടെ അനുമതിയുള്ളത്. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ എന്നിവർ വീട്ടിൽ എത്തിയിരുന്നു