അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ പരിശോധനാ ക്യാംപുകള്‍

0 571

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിഥി തൊഴലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹകരണത്തോടെ  ഏപ്രില്‍ 11 മുതല്‍  14 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രാഥമിക സ്‌ക്രീനിംഗ് നടത്തി പനി, അനുബന്ധ ലക്ഷണങ്ങളുളളവരെ കണ്ടെത്തി തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരില്‍ ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുളള ഐസൊലേഷന്‍ സൗകര്യങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. പരിശോധനക്കായുളള മെഡിക്കല്‍ ടീമില്‍ ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഒരു ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. കൂടാതെ അതിഥി തൊഴിലാളികളുമായി ആശയ വിനിമയം നടത്തുന്നതിന് ഭാഷാ പ്രാവീണ്യമുളള ഒരാളുടെ സേവനവും ഉറപ്പു വരുത്തും. കോവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായി  അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഹിന്ദി ഭാഷയിലുളള ലഘുലേഖ വിതരണവും നടത്തും.