ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്
ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് ഡോ പ്രഭുദാസ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.
ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്.
അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.