ഹലോ,  മന്ത്രിയാണ് പറയൂ…..;  കോള്‍ സെന്ററില്‍ ഫോണെടുക്കാന്‍ ഇ പി ജയരാജനും

0 457

ഹലോ,  മന്ത്രിയാണ് പറയൂ…..; 
കോള്‍ സെന്ററില്‍ ഫോണെടുക്കാന്‍ ഇ പി ജയരാജനും

അവശ്യസാധന വിതരണത്തിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ഫോണെടുക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനുമെത്തി. ലോക്ക് ഡൗണ്‍ കാലത്ത് വളരെ ഫലപ്രദമായ ഒരു സംവിധാനമാണ് കോള്‍ സെന്ററിലൂടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന്  മന്ത്രി പറഞ്ഞു. അവശ്യമരുന്നുകള്‍ വേണ്ടവര്‍ക്ക്  എത്രയും വേഗം അവ ലഭ്യമാക്കുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. ആവശ്യപ്പെടുന്നതനുസരിച്ച് സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുക വഴി ആളുകള്‍  പുറത്തിറങ്ങി കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കാനാകുമെന്നും  ലോക് ഡൗണ്‍ ദുര്‍ബലമാകാനുള്ള  എല്ലാ സാധ്യതകളും അടച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  ലോക് ഡൗണിന്റെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ  അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
കോള്‍ സെന്ററിലെ ഫോണെടുത്ത മന്ത്രിക്ക് ലഭിച്ചത് താഴെ ചൊവ്വ സ്വദേശി സുദീശന്റെ കോളായിരുന്നു.   മരുന്നിന് വേണ്ടിയാണ് അദ്ദേഹം വിളിച്ചത്. ഫോണെടുത്തിരിക്കുന്നത് മന്ത്രിയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. മരുന്ന് മാറിപ്പോവാതിരിക്കാന്‍ പേര് വാട്‌സ്ആപ്പ് വഴി  അയക്കുന്നതാണ്  നല്ലതെന്ന് മന്ത്രി പറഞ്ഞു.  മരുന്നുകള്‍ എത്രയും വേഗം എത്തിക്കാമെന്ന് ഉറപ്പ് നല്‍കി ഫോണ്‍ വെക്കുമ്പോഴേക്കും അടുത്ത കോളുമെത്തി. ചാല സ്വദേശിനി വിജയയുടേതായിരുന്നു  ആ കോള്‍. ഭര്‍ത്താവിന് ആവശ്യമായ ചില മരുന്നുകള്‍ക്കായാണ് അവര്‍ വിളിച്ചത്.  അദ്ദേഹത്തിന്റെ അസുഖ വിവരങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കാനും ആശ്വസിപ്പിക്കാനും മന്ത്രി മറന്നില്ല.  വിജയ ആവശ്യപ്പെട്ട മരുന്നുകള്‍ ജില്ലയില്‍ ലഭ്യമല്ലെന്നും  ഉടന്‍ തന്നെ മംഗലാപുരത്തു നിന്ന് മരുന്നെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കോള്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.
ദിനംപ്രതി 130 ലേറെ കോളുകളാണ് മരുന്നുകള്‍ക്ക് മാത്രമായി കോള്‍ സെന്ററില്‍ എത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ഇന്നലെ  രാവിലെ  11 മണിക്കുള്ളില്‍ തന്നെ 40ലേറെ കോളുകളാണ് മരുന്നുകള്‍ക്കായി എത്തിയത്.  ഫോണ്‍ കോളുകളെടുക്കാന്‍ 14 പേരും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 20 പേരുമുള്‍പ്പെടെ 34 സന്നദ്ധ പ്രവര്‍ത്തകരാണ് കോള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട്  പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, സംസ്ഥാന സ്പോര്‍ട്സ് കൗസില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ഫുട്ബോള്‍ താരം സി കെ വിനീത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരും കോള്‍ സെന്ററില്‍ എത്തിയിരുന്നു.